‘സംവിധായകൻ’ ആവുക എന്നത് പലരുടെയും സ്വപ്നമാണ്. സ്വന്തമായി സംവിധാനം ചെയ്ത സിനിമയോ, ഷോർട് ഫിലിമോ, ആൽബമോ എന്തുമാകട്ടെ സ്ക്രീനിൽ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. പക്ഷേ വ്യക്തമായ ധാരണയില്ലാതെയും ജോലി ചെയ്യുന്ന മേഖലയെക്കുറിച്ച് ഒന്നും അറിയാതെയും സംവിധായകൻ ആകാൻ ഇറങ്ങിപ്പുറപ്പെടുന്നവരുണ്ട്. അവർക്കുളളൊരു പാഠമാണ് സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

ഒരു ഷോർട് ഫിലിം ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുകയും ഒടുവിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ കളളനായി മാറുകയും ചെയ്ത ഒരു കോളേജ് വിദ്യാർഥിയുടെ കഥയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്ത വിഡിയോയിലൂടെ പറയുന്നത്. 10,000 രൂപയ്ക്ക് ഷോർട് ഫിലിം ചെയ്യാൻ ഇറങ്ങിയ യുവാവിന് ഒടുവിൽ ചെലവായത് 60,000 രൂപ. എന്നിട്ടോ ആ ഷോർട് ഫിലിം പൂർത്തിയാക്കാൻ സാധിച്ചതുമില്ല.

ഇത് സംവിധായകൻ ആകാൻ ഇറങ്ങി പുറപ്പെടുന്നവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. നിരവധി നിർമാതാക്കളും ഇത്തരത്തിൽ ചതിയിൽ അകപ്പെടുന്നുണ്ട്. ”ഇപ്പോഴും നിർമാതാക്കൾ ചതിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഷൂട്ടിങ് തിരക്കുകൾക്കിടയിലും ആറു മാസം മുൻപ് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണമായതെന്ന് സന്തോഷ് പണ്ഡിറ്റ് ഐഇ മലയാളത്തോട് പറഞ്ഞു. ബജറ്റിനക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ സിനിമയെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഒടുവിൽ കിടപ്പാടം പോലും പണയം വയ്ക്കേണ്ടി വന്ന നിർമാതാക്കളുണ്ട്. ഒരു പെട്ടിക്കട തുടങ്ങുമ്പോൾ പോലും മുൻപ് ആ തൊഴിൽ ചെയ്തിരുന്ന ഒരാളോട് ചോദിക്കുന്നുണ്ട്. പക്ഷേ കോടികൾ മുതൽ മുടക്കി സിനിമ എടുക്കാൻ പോകുമ്പോൾ അതിനെക്കുറിച്ച് അറിയാവുന്ന മറ്റൊരു നിർമാതാവിനോട് ചോദിക്കാത്തത് എന്താണ്?. ആരെങ്കിലും പറയുന്നതുകേട്ട് സിനിമ എടുക്കാൻ ഇറങ്ങി പുറപ്പെടാതെ അതിനെക്കുറിച്ച് അറിഞ്ഞിട്ട് പോവുക”യെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook