‘സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും ഒന്നിക്കുന്നു’. കഴിഞ്ഞ രണ്ട് ദിവസമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഈ വാർത്ത. ഒരു സിനിമാ വാരിക നൽകിയ ഈ വാർത്ത പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് സന്തോഷ് പണ്ഡിറ്റ് ഐഇ മലയാളത്തിനോട് പറഞ്ഞു.

‘തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് എനിക്കറിയില്ല. ആരാണ് മിനി റിച്ചാർഡ്. ആ കുട്ടിയെ ഞാൻ അറിയുക പോലുമില്ല’ സന്തോഷ് പണ്ഡിറ്റ് ഐഇ മലയാളത്തിനോട് പറഞ്ഞു. ഉരുക്കു സതീശൻ മാത്രമാണ് താൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നും താനിപ്പോൾ ഉരുക്കു സതീശന്റെ സെറ്റിലാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. താൻ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഉരുക്കു സതീശന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിലും താൻ അഭിനയിക്കുന്നുണ്ടെന്നും പണ്ഡിറ്റ് അറിയിച്ചു.

മമ്മൂട്ടിയോടൊപ്പം മുഴുനീള റോളിലാണ് പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചിക്കുന്ന സിനിമയിൽ പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിനിടയിൽ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഉരുക്കു സതീശന്റെ ജോലികൾ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്തോഷ് പണ്ഡിറ്റ് തമിഴ്-ഹിന്ദി സിനിമകൾ ചെയ്യാൻ പോകുന്നു എന്ന വാർത്ത താരം നിഷേധിച്ചില്ല. ഒരു തമിഴ് സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരീകരിക്കാനുള്ള സമയമായില്ലെന്നും താരം വ്യക്തമാക്കി. ഹിന്ദിയിലേയും തമിഴിലേയും പ്രമുഖ താരങ്ങളാണ് ഈ സിനിമകളിൽ സന്തോഷ് പണ്ഡിറ്റിന്റെ നായികമാരായെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ