ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോൻ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇപ്പോഴിതാ നടനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
“നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാ ക്രിക്കറ്റ് താരങ്ങൾ നമുക്കിഷ്ടമുള്ള പാർട്ടിയ്ക്ക് മാത്രമേ വോട്ട് ചെയ്യാവൂ, നമ്മളിഷ്ടപ്പെടുന്ന പാ൪ട്ടിക്കു വേണ്ടിയേ പ്രവ൪ത്തിക്കാവൂ, നമ്മൾ ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവൂ തുടങ്ങിയ ചിന്തകൾ ശരിയാണോ? കേരള ചരിത്രത്തിൽ ഇതിനൂ മുമ്പും എത്രയോ താരങ്ങൾ പരസ്യമായി തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അന്ന് അവരോടൊന്നും കാണിക്കാത്ത അസഹിഷ്ണുത ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു? അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ? ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ? ഇതാണോ ആവിഷ്കാര സ്വതന്ത്യം? ഇതാണോ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത്?,” എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.
“നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്. ആർക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം. ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിന്റെ സ്ഥാനാർത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല,” എന്ന വാക്കുകളോടടെയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം:
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോനും നടി പ്രിയ വാര്യരും പൊതുവേദിയില്‍ എത്തിയത്. തൃശൂര്‍ ലുലു ഇന്‍ര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചു നടന്ന സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ബിജു മേനോൻ.
‘സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നു’മായിരുന്നു ബിജു മേനോന്റെ വാക്കുകൾ. ഇതിനു പിന്നാലെയാണ് ബിജു മേനോന്റെ ഫെയ്സ്ബുക്ക് പേജിൽ സൈബർ ആക്രമണം ശക്തമായത്. രൂക്ഷമായ കമന്റുകളും അസഭ്യവർഷവുമൊക്കെ ശക്തമായതോടെ ബിജു മേനോനെതിരെ നടക്കുന്ന ആക്രമണത്തെ വിമർശിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തു നിന്ന് ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവരും ബിജു മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.