/indian-express-malayalam/media/media_files/uploads/2023/07/santhosh-pandit-malikappuram.jpg)
മാളികപ്പുറത്തിന് അവാർഡ് നൽകാത്തതിനാൽ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
ഓരോ തവണ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു കഴിയുമ്പോഴും അതിനെ ചുറ്റിപ്പറ്റി വിമർശനങ്ങളും തലപ്പൊക്കാറുണ്ട്. പ്രതീക്ഷിച്ചവർക്ക് അവാർഡ് ലഭിക്കാതെ വരുമ്പോഴുള്ള അതൃപ്തിയാണ് പലപ്പോഴും ഇത്തരം വിമർശനങ്ങളായി ഉയരുന്നത്. വെള്ളിയാഴ്ച 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ഉയർന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് 'മാളികപ്പുറം' സിനിമയിലെ ബാലതാരമായ ദേവനന്ദയെ അവാർഡിന് പരിഗണിക്കാത്തതായിരുന്നു. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്ക് ഒരു സ്പെഷ്യൽ ജൂറി പരാമർശം പോലും ലഭിച്ചില്ലെന്നു സോഷ്യൽ മീഡിയയിലൂടെ ചൂണ്ടികാണിക്കുന്നവരും ഏറെയാണ്.
അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. തന്നെ സംബന്ധിച്ച് മികച്ച ബാലതാരം ദേവനന്ദയും ജനപ്രിയ ചിത്രം മാളികപ്പുറവുമാണെന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നത്.
"ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും. അവാർഡ് കിട്ടിയില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട ലക്ഷകണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും. ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നു. കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി. കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു മാളികപ്പുറം. അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോൾ തന്നെ തിയേറ്ററുകളിൽ നൽകി കഴിഞ്ഞു. വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. എൻ്റെ മനസ്സിൽ മികച്ച ബാലതാരം ദേവനന്ദയും മികച്ച ജനപ്രിയ ചിത്രം മാളികപ്പുറവുമാണ്. സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു," ഫേസ്ബുക്ക് കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
സിനിമ സീരിയല്‍ നടനായ ശരത് ദാസും ദേവനന്ദയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
"എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും മനസ്സുകൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ," എന്നാണ് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.