മുംബൈ: ഏറെ നല്ല സിനിമകൾക്ക് വിചിത്ര വാദങ്ങളുന്നയിച്ച് കത്രിക വെച്ചുവെന്ന് പഴി കേട്ടയാളാണ് മുൻ സെൻസർ ബോർഡ് അദ്ധ്യക്ഷൻ പഹ്‌ലജ് നിഹലാനി. കഴിഞ്ഞ മാസമാണ് പഹലജ് നിഹലാനിയെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയത്. വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായുള്ള അഭിപ്രായഭിന്നതകളാണ് ഇതിലേക്ക് നയിച്ചതെന്ന് നിഹലാനി ആരോപിച്ചിരുന്നു.

2015ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അദ്ധ്യക്ഷനായി നിയമിതനായ പഹലാജ് നിഹലാനിയുടെ കാലഘട്ടത്തില്‍ ഏറെ വിവാദങ്ങളിലൂടെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കടന്നുപോയത്. പഹലജ് നിഹലാനി സെന്‍സര്‍ ബോര്‍ഡിനെ തന്റെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാണ് നടത്തിച്ചുകൊണ്ടിരുന്നത് എന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അടക്കം ആരോപിക്കുകയുണ്ടായി. സിനിമകളെ അനാവശ്യമായ സെന്‍സര്‍ഷിപ്പുകള്‍ക്ക് വിധേയമാക്കുകയാണ് പഹലാജ് എന്ന് സംവിധായകരും സിനിമാനിരൂപകരും നിരന്തരമായി വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ നിഹലാനി സിനിമാ ലോകത്തേക്ക് തിരിച്ചു വരുകയാണെന്ന വാർത്ത വന്നിരിക്കുന്നു. സിനിമാ വിതരണമാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. നിഹലാനി ‘അവതരിപ്പിക്കുന്ന’ ആദ്യ സിനിമ ഏതാണെന്നറിഞ്ഞപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയിരിക്കുന്നത്. സിനിമക്കകത്ത് ‘സദാചാരം’ വേണമെന്ന് നിരന്തരം വാദിക്കുകയും അതിന്‍റെ പേരിൽ അനവധി സിനിമകളെ കത്രിക വെട്ടിന് ഇരയാക്കുകയും ചെയ്ത് നിഹലാനി ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘ജൂലി 2’ എന്ന സിനിമയാണ് വിതരണം ചെയ്യുന്നത്.

മലയാളികൾക്ക് ഏറെ പരിചിതയായ താരം റായ് ലക്ഷ്മിയാണ് ജൂലി 2 ലെ നായിക. അതീവ ഗ്ലാമറസായാണ് റായ് ലക്ഷ്മി ജൂലി 2 വിൽ എത്തുന്നത്. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി 2. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2 എന്ന ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി 2 വിന്‍റെ കഥ. കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ജൂലി 2 വിതരണം ചെയ്യുന്നത് നിഹലാനി തന്നെയാണ് എന്ന് സംവിധായകൻ ദീപക് ശിവ്ദാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സിനിമയുടെ തിരക്കഥ രചിക്കുന്ന സമയത്ത് തന്നെ നിഹലാനിയുമായി ചർച്ച നടത്തിയിരുന്നു. കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. സിനിമ പൂർത്തിയായ ശേഷം അദ്ദേഹവും ഭാര്യയും സിനിമ കണ്ടു. ‘ഈ സിനിമ ഇപ്പോൾ എന്റേതാണ്, ഇത് ഞാൻ വിതരണം ചെയ്യാം’ എന്നാണ്  സിനിമ കണ്ടതിന് ശേഷം പഹലാനി പറഞ്ഞതെന്ന് ശിവ്ദാസ് പറയുന്നു.

സിനിമയിൽ സദാചാര പോലീസിംഗ് നടപ്പിലാക്കുന്നു എന്നതായിരുന്നു സെൻസർ ബോർഡ് അദ്ധ്യക്ഷനനായിരുന്ന കാലത്ത് പ്രധാനമായും നിഹലാനി നേരിട്ട ആരോപണം. ‘ഉഡ്ത പഞ്ചാബ്’ എന്ന് ചിത്രത്തിന് 89 കട്ടുകള്‍ നിര്‍ദ്ദേശിക്കുകയും സംസ്ഥാനത്തിന്‍റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്‍റെ തീരുമാനം കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വിഷയം മുബൈ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും പ്രദര്‍ശനത്തിന് അനുമതി ലഭിക്കുകയും ചെയ്തു.

‘ശബ്ദത്തില്‍ അശ്ലീലം’ നിറഞ്ഞ ‘സ്ത്രീ കേന്ദ്രീകൃത’ സിനിമയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അലംകൃത ശ്രീവാസ്തയുടെ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച സിബിഎഫ്‌സി നടപടി സമാനമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഷാരൂഖ് ഖാന്‍ ചിത്രമായ ജെബ് ഹാരി മെറ്റ് സേജാലുമായി  ബന്ധപ്പെട്ടും നിഹലാനി വിവാദം ഉയര്‍ത്തി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ‘ഇന്റര്‍കോഴ്‌സ്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരേ നിഹലാനി രംഗത്തു വന്നു. ഇന്റര്‍കോഴ്‌സ് എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കണമെങ്കില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി അതില്‍ ഒരു ലക്ഷം വോട്ട് നേടണമെന്നായിരുന്നു സെന്‍സര്‍ ബോഡ് ചെയര്‍മാനായിരുന്ന നിഹലാനിയുടെ വിചിത്രമായ ഉപാധി. ഇന്ത്യന്‍ കുടുംബങ്ങളുടെ മനോഭാവം മാറിയോ എന്നും 12 വയസ് പ്രായമുള്ള കുട്ടികള്‍ ഇന്റര്‍കോഴ്‌സിന്‍റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലേ എന്നും അറിയണമെന്നും നിഹലാനി ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

90 കട്ടുകള്‍ നടത്തിയതിനുശേഷവും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ’50 ഷേഡ്‌സ് ഓഫ് ഗ്രേ’, ഒരു ചുംബനരംഗം മുറിച്ചുമാറ്റപ്പെട്ട ഒരു ജയിംസ് ബോണ്ട് പരമ്പരയില്‍ പെട്ട ചിത്രം, ഒരു സ്ത്രീ സ്വവര്‍ഗ്ഗാനുരാഗ രംഗം മുറിച്ചുമാറ്റപ്പെട്ട അറ്റോമിക് ബ്ലോണ്ടെ എന്ന ചാര്‍ലിസ് തെറോണ്‍ ചിത്രം എന്നിവയാണ് നിഹലാനിയുടെ ഉഗ്രകോപത്തിന് ഇരയായ ഹോളിവുഡ് ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ