നായകൻ, വില്ലൻ, ആക്ഷൻ, കോമഡി, സെന്റിമെന്റ്സ് തുടങ്ങി എന്തും ഭദ്രമായി ഏൽപ്പിക്കാവുന്ന അപൂർവം ചില അഭിനേതാക്കളിൽ ഒരാളാണ് ബിജു മേനോൻ. അഭിനയത്തിനപ്പുറം ഒരു കാലത്ത് ക്രിക്കറ്റിലും തിളങ്ങി നിന്ന താരമായിരുന്നു ബിജു മേനോൻ എന്നത് അധികമാർക്കും അറിയാത്തൊരു വസ്തുതയാണ്. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ബിജു മേനോനിലെ പഴയ ക്രിക്കറ്ററിലേക്ക് ശ്രദ്ധ കണിക്കുന്നത്. ”അറിഞ്ഞില്ല… ആരും പറഞ്ഞില്ല” എന്ന ക്യാപ്ഷനോടെയാണ് ബിജു മേനോന്റെ ചെറുപ്പക്കാലത്തു നിന്നുള്ള ഒരു ചിത്രം സഞ്ജു ഷെയർ ചെയ്തിരിക്കുന്നത്. തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ ബിജു മേനോൻ കളിച്ചുകൊണ്ടിരുന്ന കാലത്തെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രമാണിത്.

1995-ൽ ‘പുത്രൻ’ എന്ന സിനിമയിലൂടെ നായകനായാണ് ബിജു മേനോൻ അഭിനയരംഗത്തെത്തിയത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ ബിജു മേനോന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഖിലചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. പിന്നീടങ്ങോട്ട് നടനായും സഹനടനായും വില്ലനായുമൊക്കെ അഭിനയത്തിൽ തിളങ്ങുന്ന ബിജു മേനോനെയാണ് മലയാളികൾ കണ്ടത്.
പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി.
ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിച്ച ‘തങ്കം’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ റിലീസ്. വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തങ്കം’ മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.