/indian-express-malayalam/media/media_files/uploads/2018/06/paresh-rawal-sunil-dutt-759.jpg)
ബോളിവുഡ് കാത്തിരിക്കുന്ന ചിത്രമാണ് രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന 'സഞ്ജു'. താര ദമ്പതികളായ നര്‍ഗീസ്-സുനില്‍ ദത്ത് എന്നിവരുടെ മൂത്ത മകനായി ജനിച്ച്, ബോളിവുഡ് നടനായി മാറി, ലഹരിയ്ക്ക് അടിമപ്പെട്ട്, ഭീകരവാദ സംബന്ധപ്രവര്‍ത്തങ്ങള്‍ക്ക് കുറ്റം ചുമത്തപ്പെട്ട് ജയില്‍ വാസം നയിച്ച സഞ്ജയ് ദത്തിന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും കടന്നു പോകുന്നതാണ് ചിത്രം.
ഇതില്‍ സഞ്ജയ് ദത്തിന്റെ അച്ഛനും നടനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന സുനില്‍ ദത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത് നടന്‍ പരേഷ് റാവല്‍ ആണ്. സുനില്‍ ദത്തുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ്.കോമിനോട് പരേഷ് റാവല്‍ മനസ്സു തുറന്നു. താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കണം എന്നത് ഒരു മുന്നറിവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ സുനില്‍ ദത്തിന് ഉണ്ടായിരുന്നു എന്ന് വെളിവാക്കുന്ന സംഭവങ്ങളാണ് അവര്‍ തമ്മില്‍ നടന്നിട്ടുള്ളത് എന്ന് പരേഷ് റാവല്‍ പറഞ്ഞു.
"2005 മെയ് 25. അന്നാണ് ദത്ത് സാബ് മരിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയതിന് ശേഷമേ വീട്ടിലേക്കു മടങ്ങൂ എന്ന് പറയാനായി വീട്ടില്‍ വിളിച്ചപ്പോള്‍ ഭാര്യ അറിയിച്ചു. 'നിങ്ങള്‍ക്ക് സുനില്‍ ദത്തിന്റെ ഒരു കത്ത് വന്നിട്ടുണ്ട് എന്ന്. അതെന്താണ് എന്ന് നോക്കാന്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു. എനിക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് എന്നവര്‍ മറുപടി തന്നു. അഞ്ചു ദിവസം കഴിഞ്ഞ് മെയ് 30 നാണ് എന്റെ പിറന്നാള്‍. ഇത്രയും നേരത്തെ എനിക്ക് എന്തിനാണ് ദത്ത് സാബ് ആശംസ അയച്ചത്? ഞാന്‍ അത്ഭുതപ്പെട്ടു. കാരണം ഇതിന് മുന്‍പ് ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഒരു ആശംസയും കൈമാറിയിട്ടില്ല. പിറന്നാള്‍ പോട്ടെ, ക്രിസ്മസ് ആശംസ പോലും പറഞ്ഞ സന്ദര്‍ഭങ്ങള്‍ മുന്‍പുണ്ടായിട്ടില്ല.", റാവല്‍ ആ ദിവസത്തെ ഓര്‍ത്തെടുത്തു.
ഒരു ദിവ്യ ശക്തി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നതായി സൂചിപ്പിച്ച പരേഷ് റാവല്‍ കൂട്ടിച്ചേര്‍ത്തു. "ആ കാര്‍ഡ് വീണ്ടും കണ്ടെത്തിയ ദിവസമാണ് എന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബര്‍ത്ത്ഡേ കാര്‍ഡുകള്‍ ഒന്നും നമ്മള്‍ അങ്ങനെ ഒരുപാട് കാലം സൂക്ഷിക്കാറില്ലല്ലോ. പല സമയത്തും അതൊക്കെ കാണാതാവുകയാണ് ചെയ്യുന്നത്. പലതും നമ്മള്‍ മറന്നും പോകും. പക്ഷെ എന്റെ പ്രധാനപ്പെട്ട ചില ഡോക്യുമെന്റുകളുടെ കൂട്ടത്തില്‍ ആ കത്ത് വീണ്ടും കണ്ടെത്തി. അതും രാജ് കുമാര്‍ ഹിരാനി 'സഞ്ജു'വിന്റെ തിരക്കഥ എനിക്ക് നരേറ്റ് ചെയ്ത ദിവസം തന്നെ. അതൊരു 'ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍' ആണെന്ന് ഞാന്‍ കരുതുന്നു. പിന്നീട് ഞാന്‍ രാജ് കുമാര്‍ ഹിരാനിയെ ആ കത്ത് കാണിക്കുകയും ചെയ്തു.", പരേഷ് റാവല്‍ വെളിപ്പെടുത്തി.
സുനില്‍ ദത്തും പരേഷ് റാവലും ചേര്‍ന്ന് രാജ്കുമാര്‍ കോഹ്ലിയുടെ 'വിരോധി' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഉണ്ടായ്രുന്നില്ല. 'സഞ്ജു'വില്‍ സഞ്ജയ് ദത്താവുന്നത് രണ്‍ബീര്‍ കപൂര്‍. സോനം കപൂര്‍, ദിയാ മിര്‍സ, വിക്കി കൌശാല്‍, മനീഷാ കൊയ്റാള, ബോമന്‍ ഇറാനി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ജൂണ്‍ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.