ബോളിവുഡിന്റെ ‘ബാഡ് ബോയ്‌’ സഞ്ജയ് ദത്തിന്റെ ജീവിതമാണ് ‘സഞ്ജു’വിലൂടെ നമ്മള്‍ കാണുന്നത്; സിനിമ, ആ കഥ മുഴുവനായി പറയുന്നില്ലെങ്കില്‍ കൂടി.

ഗോസ്സിപ്പ് കോളങ്ങളിലൂടെയും, ന്യൂസ് റിപ്പോര്‍ട്ടുകളിലൂടെയും, ജീവചരിത്ര പുസ്തകങ്ങളിലൂടെയും കേട്ടും കണ്ടുമറിഞ്ഞ സ്വപ്‌നതുല്ല്യവും വിഭ്രമാത്മകവുമായ താരജീവിതം. ഇന്നല്ലെങ്കില്‍ നാളെ, അത് ഒരു സിനിമയ്ക്കുള്ള വിഷയമാകും എന്നത് കരുതുന്നത് സ്വാഭാവികം. ഒരേ സമയം തിളങ്ങുന്നതും മലീമസവുമായ സിനിമാ ലോകത്തിന്‍റെ വേഗവഴികളിലൂടെ ചീറിപ്പായുന്ന ചീത്തക്കുട്ടികളുടെ കഥ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

എന്നാല്‍ അതിനാടകീയമായ, ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ജീവിതത്തെ എങ്ങനെയാണ് ഒരു സിനിമയിലേക്ക് ചുരുക്കിയവതരിപ്പിക്കുക? ഇത് വരെയുള്ളതും, ബാക്കി പിന്നീടും എന്നോ? അതായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന വെല്ലുവിളി.

 

തനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യമാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്, സഞ്ജയ്‌ ദത്തിനെ ‘സഞ്ജു’വാക്കിക്കൊണ്ട്. കുട്ടികളുടെ മനസ്സുള്ള ഒരു മനുഷ്യനെയും അയാളുടെ അരക്ഷിതാവസ്ഥകളെയും വീഴ്ചകളെയും അവതരിപ്പിക്കാന്‍ തീരുമാനിച്ചു കൊണ്ട്. ജീവിതപ്രശ്നങ്ങളെ കാറ്റില്‍ പറത്തിക്കളയുന്ന വലിയ സൂപ്പര്‍ സ്റ്റാറിന്റെ കഥ പറയുന്നതിന് പകരം വഴിപിഴച്ചു പോയ ഒരു മകന്റെയും അവനെ  സ്നേഹിക്കുന്ന അച്ഛന്റെയും കഥ പറഞ്ഞു കൊണ്ട്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ അതൊരു രാജ്കുമാര്‍ ഹിരാനി സിനിമ ആവില്ല താനും.

Read in English: Sanju movie review

അത് കൊണ്ട് സിനിമ ബോംബെ ബോംബ്‌ സ്ഫോടന കേസിലെ സഞ്ജയ്‌ ദത്തിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കില്ല എന്ന് കരുതിയാല്‍ തെറ്റി. പറയുന്നു എന്ന് മാത്രമല്ല, അധോലോകവുമായി ബന്ധമുള്ള പല തരത്തിലുള്ള ആളുകളുമായുള്ള സഞ്ജയ്‌ ദത്തിന്റെ ഇടപെടലുകളും ചിത്രം കാണിക്കുന്നുണ്ട്. ഒരു ചിരിയുടെയും കണ്ണിറുക്കലിന്റെയും അകമ്പടിയോടെ, സ്നേഹത്തോടെ, പൊറുക്കലിന്റെ സ്വരത്തിലാണ് ചിത്രം ഇതിനെ സമീപിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്‍ പറഞ്ഞത് പോലെ തന്നെ ‘എനിക്ക് തെറ്റ് പറ്റി, ചെയ്യുന്ന കാര്യത്തിന്റെ മാനങ്ങള്‍ അറിയാതെയാണ് ചെയ്തത്’ എന്ന് സിനിമയിലും പറയുന്നുണ്ട്. അയാളുടെ കൈവശം ഒരു മഷീന്‍ ഗണ്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്, കുടുംബത്തെത്തിന്റെ സുരക്ഷ കരുതി മാത്രം സൂക്ഷിച്ചതാണത്.

നോക്കൂ, അതിനയാളെ പിടിച്ചു ജയിലിലിട്ടു. അവിടെ എന്തൊക്കെയാണ് അയാള്‍ക്ക് സഹിക്കേണ്ടി വരുന്നത്? – പൊട്ടിയൊഴുകുന്ന കക്കൂസുകള്‍, കാറ്റു കയറാത്ത ജയില്‍ മുറി, പരുക്കന്‍ നിലം.

മയക്കുമരുന്നിന് പൂര്‍ണ്ണമായും അടിമപ്പെട്ട് തന്നെ രക്ഷിക്കാന്‍ നടനും പാര്‍ലമെന്‍റംഗവുമായ അച്ഛന്‍ സുനില്‍ ദത്തിനോട് ആവശ്യപ്പെട്ട യഥാര്‍ത്ഥ ജീവിതത്തിലെ ‘ഹെല്‍ റൈസര്‍’ ആയ സഞ്ജയ്‌ ദത്തിന്റെ ഒരു ഒതുങ്ങിയ പതിപ്പാണ്‌ ‘സഞ്ജു’. പ്രത്യാഷാപൂര്‍വ്വം ജീവിതത്തെ നിരീക്ഷിക്കുക എന്നത് ആപ്തവാക്യമാക്കിയ സംവിധായകന്റെ മധ്യസ്ഥതയില്‍ മെരുക്കിയെടുത്ത സഞ്ജയ്‌ ദത്ത് ആണ് ‘സഞ്ജു’വില്‍. അദ്ദേഹത്തിന്റെ തന്നെ മുന്‍ ചിത്രങ്ങളായ മുന്നാഭായി സീരീസില്‍ നമ്മള്‍ കണ്ടത് പോലെ, വലിയ പ്രശ്നങ്ങളെ സുന്ദരമായി തരണം ചെയ്തു നായകനാകുന്ന മുന്നാഭായിമാര്‍. മുന്നാഭായ് ഇവിടെയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. രണ്‍ബീര്‍ കപൂര്‍ സഞ്ജയ്‌ ദത്തിന്റെ ജീവിതം അവതരിപ്പിക്കുന്നു, സഞ്ജയ്‌ ദത്ത് അഭിനയിച്ചു അനശ്വരമാക്കിയ മുന്നാഭായ് എന്ന കഥാപാത്രം ഉള്‍പ്പടെയുള്ളവയെ സ്ക്രീനില്‍ ഒന്ന് കൂടി അവതരിപ്പിച്ചു കൊണ്ട്. കാലത്തിനൊത്ത് നവീകരിച്ചെടുത്ത ഒരു മുന്നാഭായിയാണ് ഇതിലെ സഞ്ജു ബാബ. അതോ, സഞ്ജുവിന്റെ വരവ് മുന്‍‌കൂര്‍ അറിയിച്ചതാണോ മുന്നാഭായ്? രണ്ടു ചീത്തക്കുട്ടികള്‍ക്കും മഹാന്മാരായ അച്ഛന്‍മാര്‍ ഉണ്ടായിരുന്നു. ‘ജാദൂ കീ ഝപ്പി’ എന്ന് വിളിക്കുന്ന ഒരു മാന്ത്രിക ആലിംഗനത്തിലൂടെ ഏതു പ്രശ്നത്തിന്റെയും കയത്തില്‍ നിന്നും മകനെ പൊക്കിയെടുക്കുന്ന അച്ഛന്‍മാര്‍. ചില സമയങ്ങളില്‍ ഇതില്‍ ഏത് ഏതാണ് എന്ന് നമ്മള്‍ കുഴങ്ങും.

സ്ക്രീനില്‍ കാണുന്ന സഞ്ജയുമായി നമ്മള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ – ഒരു ഹിരാനി ചിത്രത്തില്‍ അതല്ലാതെ വേറെ മാര്‍ഗമില്ല – ഇരുന്നു സിനിമാ ആസ്വദിക്കാന്‍ കഴിയും. ചിത്രം പകുതി എത്തുന്നത്‌ വരെ നന്നായി. രണ്‍ബീര്‍ കപൂര്‍ സഞ്ജയ്‌ ദത്തായി മാറി, തീര്‍ത്തും വിശ്വസനീയമായി തന്നെ. അയാളുടെ ശരീരഭാഷയും സംസാരരീതിയും മാത്രമല്ല, ആന്തരിക വിഭ്രാന്തികളേയും രണ്‍ബീര്‍ നന്നായി ആവിഷ്ക്കരിച്ചു. സുനില്‍ ദത്തായി എത്തിയ പരേഷ് റാവല്‍ അനിതര സാധാരണമായ മിതത്വത്തോടെ രണ്‍ബീറിന്റെ പ്രകടനത്തിന് ഒപ്പത്തിനൊപ്പം എത്തി, ചിലയിടങ്ങളില്‍ മറി കടന്നു. നര്‍ഗീസ് ആയി എത്തിയ മനീഷ കൊയ്രാളയെ കുറച്ചു കൂടി കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചു പോയി. സഞ്ജയ്‌ ദത്തിനെ മോശമായി സ്വാധീനിക്കുന്നയാളായി ജിം സരഭ് തിളങ്ങിയപ്പോള്‍ സഞ്ജുവിന്റെ വിശ്വസ്തനായി, ജീവിത പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന സുഹൃത്തായി വിക്കി കൌശാല്‍ തകര്‍ത്തു.

യഥാര്‍ത്ഥ കഥാപാത്രങ്ങളെ തുടച്ചു മാറ്റുന്ന സ്ക്രീന്‍ കഥാപാത്രങ്ങളെ ആവിഷ്ക്കരിച്ചു കൊണ്ട്, സുദൃഢവും മനോരന്ജ്ജകവുമായ ഒരു കഥ പറയാന്‍ ശ്രമിക്കുന്ന സംവിധായകന്‍ ഹിരാനി ഈ ചിത്രത്തില്‍ ‘ടോപ്‌-ഫോമി’ല്‍ ആണെന്ന് പറയാം.

 

ഇന്റെര്‍വലിന് ശേഷം ചിത്രം വ്യക്തമായി താഴേക്കു പതിച്ചു. ‘ബാഡ് ബോയ്‌’ ഹീറോയ്ക്ക് കുട്ടികളുടെ മനസ്സാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തില്‍ ചിത്രത്തിന്റെ ഗതിവേഗം കുറഞ്ഞു. ആ വേളയില്‍ ചിത്രം ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന സൂത്രപ്പണികള്‍ കൂടുതലായി ശ്രദ്ധയിലേക്കെത്തി. ഒരു ജീവിത സന്ധിയില്‍ കഥാനായകന്‍ തളര്‍ന്നു പോകുമ്പോഴും ചൂടുള്ള തലക്കെട്ടുകള്‍ അന്വേഷിച്ചു നടക്കുന്നവരായി മാധ്യമങ്ങളെ വരച്ചു കാട്ടുന്ന ഈ ചിത്രം, ഒരു ഫേക്ക് ന്യൂസ് റിപ്പോര്‍ട്ട്‌ പ്രകാരമാണ് അദ്ദേഹം തടവിലാക്കപ്പെടുന്നത് എന്ന് പോലും പരോക്ഷമായി പറയുന്നു.

അദ്ദേഹം ശിക്ഷാര്‍ഹനായിരുന്നോ, എങ്കില്‍ എത്രത്തോളം എന്നിവയൊക്കെ ചര്‍ച്ച ചെയ്യപ്പെണ്ടേതാണ് എന്നുള്ളപ്പോള്‍ തന്നെ, പക്ഷം പിടിക്കുക എന്നത് സിനിമയുടെയും അതിന്റെ സംവിധായകന്റെയും പ്രിറാഗറ്റിവ് ആണ്. ഹിരാനിയുടെയും ആഭിജാത് ജോഷിയുടെയും സൂക്ഷ്മബുദ്ധിയോടെയുള്ള എഴുത്തിലൂടെ രണ്‍ബീര്‍ കപൂര്‍ സഞ്ജയ്‌ ദത്തിന്റെ കഥാപാത്രത്തെ ആദ്യ പകുതിയില്‍ ഭംഗിയായി ചെതുക്കിയെടുത്തു; സഞ്ജയ്‌ ദത്തിന്റെ പ്രത്യേക ശരീര ഭാഷയെ നന്നായി സ്വാശീകരിച്ചു, അതിനു തന്റേതായ നിറം കൂടി ചാലിച്ച് കൊണ്ട്. അയാള്‍ കടന്നു പോകുന്ന സമ്മര്‍ദ്ദങ്ങളും – നല്ലവനാകാനും, താരമാകാനും, ഒന്നാമാനാകാനുമൊക്കെയുള്ളത് – സിനിമ പറയുന്നുണ്ട്. പക്ഷേ അത് കഴിഞ്ഞു ചിത്രം ആ ചീത്തക്കുട്ടിയോട് കനിവ് കാണിക്കാന്‍ തുടങ്ങുന്നു. നമുക്കും സങ്കടം തോന്നതെയല്ല – അത് തന്നെയാണ് സംവിധായകന്റെ ഉദ്ദേശമെങ്കിലും – അവിടം മുതല്‍ ചിത്രത്തില്‍ ഉള്ള താത്പര്യം നഷ്ടപ്പെട്ടു തുടങ്ങും.

‘സിനിമാറ്റിക് ലിബര്‍ട്ടി’കള്‍ കൂടി കലര്‍ത്തിയ ചിത്രം എന്ന് തീര്‍ത്തും സിനിമാറ്റിക്ക് ആയ ഒരു ജീവിതം പറയുന്ന സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുമ്പോള്‍ തന്നെ, കഥ കാണാനിരിക്കുന്ന പ്രേക്ഷകന്റെ ജിജ്ഞാസയുടെ ഏറ്റവും നിര്‍ണ്ണായകവും ആലക്തികവുമായ ഒരു ഭാഗം ഒലിച്ചു പോകും.

 

‘സഞ്ജു’വിലൂടെ പ്രേക്ഷകന് കിട്ടുന്നതും, അത് കിട്ടുന്ന രീതിയും നമ്മെ ആ കഥയില്‍ വ്യാപൃതരാക്കും. ഇടക്ക് സ്വയം മറന്നു നമ്മള്‍ പൊട്ടിച്ചിരിക്കും, പ്രത്യേകിച്ച് ഹിരാനി തന്റെ ഹാസ്യാവതരണ രീതികള്‍ പുറത്തെടുക്കുമ്പോള്‍. എങ്കിലും ചിത്രം പറയാതെ പോയതെന്ത്, അത് പറഞ്ഞാലാവും ഒരു പക്ഷേ ഈ കഥയ്ക്ക്‌ കുറെയും കൂടി സിനിമാ ഭാവം കൈവരുക എന്നൊക്കെ തോന്നിക്കൊണ്ടിരിക്കും.

തിയേറ്റര്‍ വിട്ടിറങ്ങിയപ്പോള്‍ ആലോചിച്ചത് ഇതാണ്, ‘സഞ്ജു’ എന്നതിന് പകരം ‘സഞ്ജയ് ദത്ത്’ എന്നായിരുന്നെങ്കില്‍…?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook