സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീര്‍ എത്തുന്ന ചിത്രം ‘സഞ്ജു’വിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രൂപത്തിലും ഭാവത്തിലും പൂര്‍ണമായും സഞ്ജയ് ദത്തായി മാറാന്‍ രണ്‍ബീറിന് സാധിച്ചിട്ടുണ്ട് എന്നാണ് സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നുമുള്ള അഭിപ്രായങ്ങള്‍.

മുംബൈയില്‍ ട്രെയിലര്‍ ലോഞ്ചിനിടെ വളരെ രസകരമായ ഒരു ചോദ്യം രണ്‍ബീര്‍ നേരിടുകയുണ്ടായി. രണ്‍ബീറിനെ കുറിച്ച് ഒരു ബയോപിക് നിര്‍മ്മിച്ചാല്‍ അതില്‍ എത്ര കാമുകിമാരുണ്ടാകും എന്നായിരുന്നു ചോദ്യം. സഞ്ജുവിന്റെ ബയോപിക്കില്‍ കഥാപാത്രം പറയുന്നുണ്ട് തനിക്ക് മുന്നൂറില്‍ അധികം കാമുകിമാര്‍ ഉണ്ടെന്ന്. എന്നാല്‍ രണ്‍ബീറിന്റെ ഉത്തരവും രസകരമായിരുന്നു.

“സത്യത്തില്‍ എന്നെക്കുറിച്ച് ബയോപിക് എടുക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ ജീവിതം തുറന്നിടാന്‍ സഞ്ജു സാറിന്റെ അത്രയും ധൈര്യം ഇല്ല. പക്ഷെ കാമുകിമാരുടെ കാര്യത്തില്‍ 10ല്‍ താഴെയാണ് എന്റെ സംഖ്യ. അതുകൊണ്ടു തന്നെ എന്റെ പേരില്‍ ബയോപിക് എടുക്കാന്‍ കഴിയില്ല,” രണ്‍ബീര്‍ പറഞ്ഞു.

ചിത്രത്തെ കുറിച്ച് നടനും തന്റെ പിതാവുമായ ഋഷി കപൂര്‍ നല്ല അഭിപ്രായം പറഞ്ഞെന്നും, അതുവളരെ വൈകാരികമായി സ്‌പര്‍ശിച്ചുവെന്നും രണ്‍ബീര്‍ പറഞ്ഞു.

“എന്റെ അച്ഛന്‍ എന്നതിലുപരി അദ്ദേഹം ഒരു നടനാണ്. ഞാന്‍ വളരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തെ. അദ്ദേഹം ഒരിക്കലും എന്നോട് പറയാറില്ല ഞാന്‍ നന്നായി അഭിനയിച്ചു എന്ന്. ഞാനത് പ്രതീക്ഷിക്കാറുമില്ല. പക്ഷെ ആ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. വൈകാരികമായി അതെന്നെ സ്‌പര്‍ശിച്ചു. എല്ലാ അച്ഛന്‍മാര്‍ക്കും അവരുടെ മക്കള്‍ നന്നായി ജോലി ചെയ്യണം എന്നായിരിക്കും. പക്ഷെ എന്റെ അച്ഛന്‍ അക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹം ഒരിക്കലും വെറുതെ നല്ല വാക്കുകള്‍ പറയാറില്ല,” രണ്‍ബീര്‍ വ്യക്തമാക്കി.

മൂന്നു മിനിറ്റും നാലു സെക്കന്റും ദൈര്‍ഘ്യമുളള ട്രെയിലര്‍, സഞ്ജു കാണാന്‍ തിയേറ്ററിലെത്തുന്നവരെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. അത്രയ്ക്കും മനോഹരമായിട്ടാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി സിനിമ ഒരുക്കിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.

ജൂണ്‍ 29 ന് സിനിമ റിലീസ് ചെയ്യും. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എംബിബിഎസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. രണ്‍ബീര്‍ കപൂറിനെ കൂടാതെ മനീഷ കൊയ്രാള, പരേഷ് റാവല്‍, അനുഷ്‌ക ശര്‍മ്മ, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook