മുംബൈ: ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും ആളുകളുടെ കൈയ്യടി നേടിയ സഞ്ജു, പുറത്തിറങ്ങിയ ദിവസം മുതല്‍ റെക്കോര്‍ഡ് കളക്ഷനാണ് വാരുന്നത്. ഇന്ത്യന്‍ സിനിമാസ്വാദകരുടെ പള്‍സ് തിരിച്ചറിഞ്ഞ സംവിധായകനാണ് താനെന്ന് സഞ്ജുവിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ് രാജ്കുമാര്‍ ഹിറാനി. ബോളിവുഡിലെ റോമിയോ ആയിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വിശുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായി ചിത്രത്തില്‍ പരകായപ്രവേശം നടത്തിയിരിക്കുകയാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

നാല് ദിവസം കൊണ്ട് 145.41 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഒരു കാലത്ത് ബോളിവുഡിലെ ജനപ്രിയ റൊമാന്റിക് ഹീറോയും വില്ലനുമായിരുന്നു സഞ്ജയ് ദത്ത്. ജീവിതത്തിലും സഞ്ജയ് അങ്ങിനെ തന്നെ ആയിരുന്നു. സിനിമാ രംഗത്ത് പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെ നിരവധി വിവാദങ്ങളിലൂടെ വിമർശിക്കപ്പെട്ട നടനായി അദ്ദേഹം മാറി. ലഹരിക്ക് അടിമപ്പെട്ട ജീവിതവും മുംബൈ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസും സഞ്ജയ് ദത്തി​ന്റെ ജീവിതത്തിലെ കറുത്ത ഏടുകളാണ്.

ലഹരിമരുന്നിന് അടിമയായിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതഭാഗം മറ്റ് ഭാഗങ്ങള്‍ പോലെ തന്നെ മനോഹരമായാണ് രണ്‍ബീര്‍ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് താനും ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തി. ‘കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാനും ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ച് മുന്നോട്ട് പോയാല്‍ എവിടെയും എത്തില്ലെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു’, രണ്‍ബീര്‍ പറഞ്ഞു.

അഞ്ച് നിമിഷത്തെ പരമാനന്ദം ജീവിതം തന്നെ തകര്‍ക്കുമെന്ന് യുവാക്കള്‍ക്കുളള പാഠമാണ് സഞ്ജു എന്ന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ക്ക് അടിമയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘എല്ലാ മനുഷ്യന്മാരും അവരുടെ ജീവിതത്തില്‍ തെറ്റ് ചെയ്യാറുണ്ട്. ഞാന്‍ ഇപ്പോള്‍ പുകയിലയ്‌ക്ക് അടിമയാണ്, അത് ലഹരിമരുന്നിനേക്കാളും കഷ്‌ടമുളള കാര്യമാണ്. കൂടാതെ മധുരമുളള എന്തിനോടും ഞാന്‍ അടിമയാണ്’, രണ്‍ബീര്‍ പറഞ്ഞു.

സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിതം പറയുന്ന സിനിമയാണ് ‘സഞ്ജു’. വിവാദ നായകനായ ബോളിവുഡ് നടന്റെ ജീവിതം തമാശയും ഹൃദയസ്‌പർശിയായ അനുഭവങ്ങളും നിറച്ചാണ് സംവിധായകൻ രാജ്കുമാർ ഹിരാനി ചിത്രീകരിച്ചിരിക്കുന്നത്. അച്ഛനും അമ്മയും മകനും തമ്മിലുള്ള വേർപിരിയാനാവാത്ത സ്നേഹ ബന്ധത്തിന്റെ കഥകൂടിയാണ് സഞ്ജു. വെള്ളിത്തിരക്ക് പിന്നിൽ പ്രേക്ഷകൻ കാണാതെ പോയ നടന്റെ പച്ചയായ ജീവിതം കൂടിയാണ് ചിത്രം.

ബോളിവുഡ് സൂപ്പർ താരങ്ങളായ സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും മകനായ സഞ്ജയ് 1981ൽ സുനിൽ ദത്ത് തന്നെ സംവിധാനം ചെയ്‌ത ‘റോക്കി’യിലൂടെയാണ് സിനിമയിലെത്തുന്നത്. ബോക്‌സ് ഓഫിസിൽ കൈയ്യടിയും പണവും വാരിയ സിനിമയായിരുന്നു റോക്കി. ശേഷം അഭിനയിച്ച സിനിമകൾ അദ്ദേത്തെ ബോളിവുഡിലെ ജനപ്രിയ നായകനാക്കി മാറ്റുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ