ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പുതിയ ചിത്രം പത്മാവതിയുടെ റിലീസ് തീയതി മാറ്റിവച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനായിരുന്നു നേരത്തേ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

നേരത്തേ അറിയിച്ച റിലീസ് തീയതിക്ക് പത്തു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

അതിനിടെ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടതെന്നാണ് വസുന്ധരയുടെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ