ന്യൂഡൽഹി: രജപുത് കർണിസേനയുടെ പ്രതിഷേധത്തെ തുടർന്ന് റിലീസിംഗ് തടസപ്പെട്ട ബോളിവുഡ് സിനിമ പദ്‌മാവതിക്ക് പ്രദർശനം നടത്താൻ വിദഗ്ദ്ധ സമിതി തത്വത്തിൽ ധാരണയായി. എന്നാൽ സമിതി മുന്നോട്ട് വയ്ക്കുന്ന മാറ്റങ്ങൾ ചിത്രത്തിൽ വരുത്താൻ തയ്യാറായാൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാനാവൂ. ചിത്രത്തിന്റെ പേര് മാറ്റുന്നതടക്കം 26 നിബന്ധനകളാണ് ആറംഗ വിദഗ്ദ്ധ സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.

സിനിമയുടെ പേര് പദ്‌മാവത് എന്നാക്കി മാറ്റാൻ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയോട് കേന്ദ്രം ആവശ്യപ്പെട്ടു. ചിത്രത്തിന് ചരിത്രവുമായി യാതരു ബന്ധവുമില്ലെന്ന് സിനിമ തുടങ്ങും മുൻപ് എഴുതിക്കാണിക്കണം. ഇത്തരത്തിലുള്ള എല്ലാ ഉപാധികളും നിരുപാധികം അംഗീകരിച്ചാൽ ചിത്രം പ്രദർശിപ്പിക്കാനുള്ള U/A സർട്ടിഫിക്കറ്റ് ലഭിക്കും.

ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് കർണിസേനയുടെ ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ ഇത് പരിശോധിക്കാൻ ആറംഗ വിദഗ്ധ സമിതിയെ നിയമിച്ചു. അവരാണ് വ്യവസ്ഥകളോടെ സിനിമയ്ക്ക് അനുമതി നൽകിയത്. പക്ഷേ, അന്തിമ തീരുമാനം പുതുവർഷദിനത്തിൽ ചേരുന്ന യോഗത്തിന് ശേഷമേ ഉണ്ടാവുകയുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ