ഉത്തരേന്ത്യയിലെ ആറു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. താന്‍ മുംബൈയിലായിരിക്കുന്ന സമയത്താണ് സഞ്ജയ് ദത്ത് ഇക്കാര്യം അറിയിച്ചതെന്നും റാവത്ത് അറിയിച്ചു.

‘ഞാന്‍ സഞ്ജയ് ദത്തുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം ആ സമയത്ത് ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ലഹരിവിരുദ്ധ പ്രചരണ പരിപാടികളിലേക്ക് തന്നെക്കൊണ്ടാകുന്ന സഹായം ചെയ്യാനും പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാകാനും താത്പര്യമുണ്ടെന്ന് അറിയിച്ചു,’റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഛണ്ഡീഗഡിന്റെ യൂണിയന്‍ ടെറിറ്ററികള്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ലഹരി പദാര്‍ത്ഥങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

റാവത്തും മറ്റ് രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കഴിഞ്ഞമാസം ഛണ്ഡീഗഡില്‍ വച്ച് ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്താനും നിരീക്ഷിക്കാനുമായി എല്ലാ ആറുമാസവും കൂടിക്കാഴ്ച നടത്താനും തീരുമാനമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook