മുംബൈ: ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചലച്ചിത്ര രംഗത്തുനിന്ന് കുറച്ചുകാലം വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ചികിത്സയ്ക്കായി മുംബൈ കോകില ബെൻ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്ന് പത്നി മാന്യതക്കും മക്കൾക്കുമൊപ്പം ദത്ത് ആശുപത്രിയിലേക്ക് തിരിക്കുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

സഞ്ജയ് ദത്തിന്റെ രോഗത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ എന്ന അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്ത് ഇപ്പോൾ. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ സഞ്ജയ് ദത്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കുമെന്നും അതിനു ശേഷം മാത്രമേ തുടർ യാത്രാപദ്ധതികൾ തീരുമാനിക്കൂ എന്നും മാന്യത പ്രസ്താവനയിൽ പറഞ്ഞു. ഈ കഠിനമായ പോരാട്ടത്തിൽ തന്റെ ഭർത്താവ് തീർച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മാന്യത ആരാധകർ സഞ്ജയ് ദത്തിനോട് കാണിക്കുന്ന സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി പറയാനും മറന്നില്ല.

“ജീവിതത്തിൽ നിരവധി ഉയർച്ചകളിലൂടെയും വീഴ്ചകളിലൂടെയുമാണ് സഞ്ജു കടന്നുപോയത്. എല്ലാ കഠിനമായ ഘട്ടങ്ങളിലൂടെയും അവനെ മുന്നോട്ട് കൊണ്ടുപോയത് നിങ്ങളുടെ പ്രശംസയും പിന്തുണയുമാണ്. അതിൽ ഞങ്ങൾ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. ഞങ്ങളിപ്പോൾ മറ്റൊരു വെല്ലുവിളിയിലൂടെ കടന്നുപോവുകയാണ്. നിങ്ങൾ ഇതുവരെ കാണിച്ച സ്നേഹവും കരുതലും പ്രാർത്ഥനയും ഇനിയും സഞ്ജുവിന് ഒപ്പമുണ്ടാകുമെന്ന് അറിയാം.” മാന്യത പറയുന്നു.

ചികിത്സയ്ക്കായി സഞ്ജയ് ഇപ്പോൾ വിദേശത്തേക്ക് പോകുന്നില്ലെന്നും കോവിഡ് -19 സ്ഥിതി മെച്ചപ്പെട്ടതിനുശേഷം മാത്രമേ കുടുംബം ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും മാന്യത ദത്ത് വ്യക്തമാക്കി. “സഞ്ജു മുംബൈയിൽ പ്രാഥമിക ചികിത്സ പൂർത്തിയാക്കും. കോവിഡിന്റെ സാഹചര്യം നോക്കിയാവും തുടർ യാത്രാപദ്ധതികൾ ആവിഷ്കരിക്കുക. നിലവിൽ, കോകിലബെൻ ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ മേൽനോട്ടത്തിലാണ് സഞ്ജു,” മാന്യത പറഞ്ഞു.

“സഞ്ജു എന്റെ ഭർത്താവും എന്റെ മക്കളുടെ അച്ഛനും മാത്രമല്ല, മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ജുവിനും പ്രിയയ്ക്കും പിതൃതുല്യനായ ആൾ കൂടിയാണ്. ഞങ്ങളുടെ കുടുബത്തിന്റെ ഹൃദയവും ആത്മാവുമാണ്. കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ദൈവവും നിങ്ങളുടെ പ്രാർത്ഥനകളും കൂടെയുണ്ടെങ്കിൽ നമുക്ക് ഒന്നിച്ച് ഈ പോരാട്ടത്തെ അതിജീവിക്കാനും വിജയികളാവാനും സാധിക്കും.”

ചികിത്സയുടെ ആവശ്യത്തിനായി അൽപകാലം അഭിനയത്തിൽനിന്നും മറ്റ് ജോലികളിൽനിന്നും മാറിനിൽക്കുകയാണെന്ന് സഞ്ജയ് ദത്ത് നേരത്തേ പറഞ്ഞിരുന്നു. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആശുപത്രിയിലേക്ക് തിരിക്കുന്ന സമയത്ത് സഞ്ജയ് ദത്ത് പറഞ്ഞു. നേരത്തേയും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ താരത്തിന്  നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു.

താൻ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മാറിനിൽക്കുകയാണെന്നും അത് സംബന്ധിച്ച് അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തരുതെന്നും ഓഗസ്റ്റ് 12ന് ഒരു ട്വീറ്റിൽ സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.

“സുഹൃത്തുക്കളെ. ചികിത്സയ്ക്കായി ഞാൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്, വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഞാൻ എന്റെ അഭ്യുദയകാംക്ഷികളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും,” എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

Read More: ചികിത്സയ്ക്ക് വേണ്ടി മാറിനിൽക്കുന്നു, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്: സഞ്ജയ് ദത്ത്

ഓഗസ്റ്റ് എട്ടിന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പീന്നീട് ഓഗസ്റ്റ് 10 ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചിൽ അസ്വസ്ഥതയും ശ്വസിക്കാൻ പ്രശ്നവും അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയെ സമീപിച്ചത്. തുടർന്ന് 61 കാരനായ നടനെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചതായി ദത്ത് ഒരു ട്വീറ്റിൽ അറിയിച്ചിരുന്നു. “ഞാൻ നന്നായി ഇരിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്, എന്റെ കോവിഡ്-19 റിപ്പോർട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്റ്റാഫിന്റെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് വീട്ടിലെത്താം. നിങ്ങളുടെ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി, ” എന്നായിരുന്നു ട്വീറ്റ്.

Read More: സഞ്ജു എന്നും പോരാളി, ഈ പരീക്ഷണവും കടന്നുപോവും: മാന്യത ദത്ത്

ചികിത്സ പൂർത്തിയാക്കി മൂന്നുമാസം കൊണ്ട് സഞ്ജയ് ദത്ത് തിരിച്ചെത്തുമെന്ന് സഞ്ജയ് ദത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘കെജിഎഫി’ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡ പറഞ്ഞിരുന്നു.

Read More: മൂന്നുമാസം കഴിയുമ്പോൾ സഞ്ജയ് ദത്ത് തിരിച്ചെത്തും: കെജിഎഫ് നിർമാതാവ്

“ചികിത്സ പൂർത്തിയാക്കി, മൂന്നുമാസം കഴിയുമ്പോൾ സഞ്ജയ് തിരിച്ചെത്തും, എന്റെ സിനിമ പൂർത്തിയാക്കും. അദ്ദേഹത്തിന്റെ ടീം ഇന്നെന്നോട് സംസാരിച്ചിരുന്നു, രണ്ടു ദിവസം മുൻപ് ഞാൻ സഞ്ജയിനോടും സംസാരിച്ചിരുന്നു. സഞ്ജയ് ദത്തിന് ചിത്രത്തിൽ മൂന്നു ദിവസത്തെ ഷൂട്ട് കൂടെ മാത്രമേ ബാക്കിയുള്ളൂ” എന്ന് കാർത്തിക് ഗൗഡ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘സഡക് 2’ ആണ് സഞ്ജയ് ദത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. സഞ്ജയ് ദത്തിനെ കൂടാതെ ആലിയ ഭട്ട്, പൂജ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരും അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 28 ന് ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook