മുംബൈ: നടൻ സഞ്ജയ് ദത്തിന്റെ അസുഖവിവരമാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന വാർത്തകളിലൊന്ന്. ചികിത്സയുടെ ആവശ്യത്തിനായി അൽപകാലം അഭിനയത്തിൽനിന്നും മറ്റ് ജോലികളിൽനിന്നും മാറിനിൽക്കുകയാണെന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. താൻ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സഞ്ജയ് ദത്തും അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്തും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.
ചികിത്സ പൂർത്തിയാക്കി മൂന്നുമാസം കൊണ്ട് സഞ്ജയ് ദത്ത് തിരിച്ചെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സഞ്ജയ് ദത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘കെജിഎഫി’ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“ചികിത്സ പൂർത്തിയാക്കി, മൂന്നുമാസം കഴിയുമ്പോൾ സഞ്ജയ് തിരിച്ചെത്തും, എന്റെ സിനിമ പൂർത്തിയാക്കും. അദ്ദേഹത്തിന്റെ ടീം ഇന്നെന്നോട് സംസാരിച്ചിരുന്നു, രണ്ടു ദിവസം മുൻപ് ഞാൻ സഞ്ജയിനോടും സംസാരിച്ചിരുന്നു. സഞ്ജയ് ദത്തിന് ചിത്രത്തിൽ മൂന്നു ദിവസത്തെ ഷൂട്ട് കൂടെ മാത്രമേ ബാക്കിയുള്ളൂ എന്നും കാർത്തിക് ഗൗഡ കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു കാർത്തിക് ഗൗഡ.
Read more: സഞ്ജു എന്നും പോരാളി, ഈ പരീക്ഷണവും കടന്നുപോവും: മാന്യത ദത്ത്
സഞ്ജയ് എപ്പോഴുമൊരു പോരാളിയാണെന്നും ഈ പരീക്ഷണത്തെയും അതിജീവിക്കും എന്നാണ് ഇന്നലെ മാന്യത പത്രക്കുറിപ്പിൽ പറഞ്ഞത്.
“സഞ്ജുവിന്റെ വേഗത്തിൽ സുഖം പ്രാപക്കാനായി ആശംസകൾ അറിയിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ ഘട്ടത്തെ മറികടക്കാൻ ഞങ്ങൾക്ക് ഏറെ ശക്തിയും പ്രാർത്ഥനയും ആവശ്യമാണ്. മുൻവർഷങ്ങളിലും ഞങ്ങളുടെ കുടുംബം കടന്നുപോയ ഒരുപാട് പ്രതിസന്ധികളുണ്ട്, ഇതും കടന്നുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും, ഊഹാപോഹങ്ങൾക്കും അനാവശ്യമായ കിംവദന്തികൾക്കും ഇരയാകരുതെന്ന് സഞ്ജുവിന്റെ ആരാധകരോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സ്നേഹവും ഊഷ്മളമായ പിന്തുണയുമാണ് ഞങ്ങളെ സഹായിക്കുക. സഞ്ജു എല്ലായ്പ്പോഴും ഒരു പോരാളിയാണ്, ഞങ്ങളുടെ കുടുംബവും അങ്ങനെ തന്നെ. മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമോ എന്ന് ദൈവം വീണ്ടും ഞങ്ങളെ പരീക്ഷിക്കുകയാണ്. ഞങ്ങൾ തേടുന്നത് നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളുമാണ്. വെളിച്ചവും പോസിറ്റീവിറ്റിയും പകരാൻ നമുക്ക് ഈ അവസരം ഉപയോഗിക്കാം,” മാന്യത കുറിക്കുന്നു.
ഇന്നലെ വൈകിട്ടാണ് ചികിത്സയുടെ ആവശ്യത്തിനായി അഭിനയത്തിൽ നിന്നും താൻ ബ്രേക്ക് എടുക്കുന്ന കാര്യം സഞ്ജയ് ദത്ത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. “സുഹൃത്തുക്കളെ. ചികിത്സയ്ക്കായി ഞാൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്, വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഞാൻ എന്റെ അഭ്യുദയകാംക്ഷികളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും,” സഞ്ജയ് ദത്ത് കുറിച്ചു.
— Sanjay Dutt (@duttsanjay) August 11, 2020
ഓഗസ്റ്റ് എട്ടിന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പീന്നീട് ഓഗസ്റ്റ് 10 ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചിൽ അസ്വസ്ഥതയും ശ്വസിക്കാൻ പ്രശ്നവും അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയെ സമീപിച്ചത്. തുടർന്ന് 61 കാരനായ നടനെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചതായി ദത്ത് ഒരു ട്വീറ്റിൽ അറിയിച്ചിരുന്നു. “ഞാൻ നന്നായി ഇരിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്, എന്റെ കോവിഡ്-19 റിപ്പോർട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്റ്റാഫിന്റെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് വീട്ടിലെത്താം. നിങ്ങളുടെ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി, ” എന്നായിരുന്നു ട്വീറ്റ്..
Read More: കോവിഡ് ഭേദമായി, അഭിഷേക് ബച്ചൻ ആശുപത്രി വിട്ടു
മഹേഷ് ഭട്ടിന്റെ ‘സഡക് 2’ ആണ് സഞ്ജയ് ദത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. സഞ്ജയ് ദത്തിനെ കൂടാതെ ആലിയ ഭട്ട്, പൂജ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരും അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 28 ന് ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.
Read More: I am taking a short break from work for medical treatment: Sanjay Dutt
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook