മുംബൈ സ്ഫോടനക്കേസിൽ ജയിൽ മോചിതനായശേഷം ഭൂമി എന്ന ചിത്രത്തിലൂടെ സഞ്ജയ് ദത്ത് ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരുന്നു. അഭിഷേക് വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സഞ്ജയ് ദത്തിനെ സമീപിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ നടൻ ഇതു വേണ്ടെന്നുവച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധുരി ദീക്ഷിത് ആയതിനാലാണ് സഞ്ജയ് സിനിമ വേണ്ടെന്നുവച്ചതെന്നാണ് സംസാരം.

1990 കളിലെ ഹിറ്റ് ജോഡികളായിരുന്നു സഞ്ജയ് ദത്തും മാധുരിയും. 90 ൽ പുറത്തിറങ്ങിയ സാജൻ എന്ന ചിത്രത്തിനുശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. ഈ സമയത്ത് സഞ്ജയ് ദത്ത് വിവാഹിതനാണ്. ഇരുവരും തമ്മിലുളള ബന്ധത്തിൽ മാധുരിയുടെ പിതാവ് എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും നടി അതു ചെവി കൊണ്ടിരുന്നില്ലെന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ 1993 ൽ മുംബൈ സ്ഫോടനക്കേസിൽ സഞ്ജയ് ദത്ത് അറസ്റ്റിലായതോടെ മാധുരി ഈ ബന്ധത്തിൽനിന്നും അകലുകയായിരുന്നു. പിന്നീട് 1999 ൽ ലൊസാഞ്ചൽസിൽ താമസക്കാരനായ ഡോ.ശ്രീറാം മാധവിനെ മാധുരി വിവാഹം ചെയ്തു.

കഴിഞ്ഞ ദിവസം ക്രിക്കറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ സഞ്ജയ് ദത്തിനോട് മാധുരിയെ നായികയാക്കി അഭിഷേക് വർമ്മ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് മാധ്യമപ്രവർത്തക ചോദിച്ചു. 21 വർഷത്തിനുശേഷം മാധുരിക്കൊപ്പം താങ്കൾ അഭിനയിക്കുന്നുണ്ടോ? എന്നായിരുന്നു ചോദ്യം. ഇതു കേട്ടതും ഒന്നും മിണ്ടാതെ ദേഷ്യത്തോടെ സഞ്ജയ് ദത്ത് അവിടെനിന്നും പോയി.

സഹേബ് ബീവി ഓർ ഗ്യാങ്സ്റ്റർ 3 എന്ന ചിത്രമാണ് സഞ്ജയ് ദത്ത് അടുത്തിടെ അഭിനയിച്ചത്. ടോർബാസ് എന്ന സിനിമയിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ