കഴിഞ്ഞ ദിവസങ്ങളില്‍ ‘പ്രമുഖ നടിയുടെ നഗ്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു’ എന്ന തരത്തില്‍ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥയെന്താണെന്ന് വിശദീകരിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടി നിക്കി ഗൽറാനിയുടെ സഹോദരിയും തെന്നിന്ത്യയിലെ പ്രമുഖ നടിയായ സഞ്ജന ഗല്‍റാണിയാണ് തന്റെ നഗ്ന വീഡിയോയെ കുറിച്ച് പറയുന്നത്. ദണ്ഡുപാളയ 2 എന്ന കന്നഡ ചിത്രത്തിലെ ചില രംഗങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലുടെ പുറത്ത് വന്നത്. ചിത്രത്തിലെ രംഗത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നീക്കം ചെയ്ത ദൃശ്യങ്ങളായിരുന്നു അതെന്നാണ് നടി പറയുന്നത്. ആ രംഗം ചിത്രീകരിച്ചപ്പോള്‍ താന്‍ സ്കിന്‍ സ്യൂട്ട് ധരിച്ചിരുന്നുവെന്നും ആരും സദാചാരത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Read More : എന്നിട്ടും നിൽക്കാത്ത എരിച്ചിലാണ് സദാ-ചാരം
“സംസ്കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അതേസമയം ബോള്‍ഡ് ആയി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് താന്‍. ഇനിയും അതു തന്നെ തുടരും. തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല,” സഞ്ജന പ്രതികരിച്ചു.
അതേസമയം ഒരാഴ്ച്ച മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്. എന്നാൽ ഈ ആരോപണം സഞ്ജന തന്നെ തള്ളി. ‘ദണ്ഡുപാളയ ഇപ്പോൾ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. അങ്ങനെയിരിക്കെ ഇത്തരമൊരു പബ്ലിസിറ്റി സ്റ്റണ്ട് നടത്തേണ്ട കാര്യമില്ലെന്നായിരുന്നു സഞ്ജന ഇതിനോട് പ്രതികരിച്ചത്.
നേരത്തെയും ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങള്‍ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരിലുമാണ് നേരത്തെ ചിത്രം ചര്‍ച്ചയായത്. ശ്രീനിവാസ രാജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം ദണ്ഡുപാളയ 2012ലാണ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ച സിനിമ നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു.