ശ്രുതിഹാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും സംഘമിത്ര. യുദ്ധപോരാളിയായുളള ശ്രുതിയുടെ പ്രകടനം വെളളിത്തിരയിൽ മോശമാകില്ലെന്നാണ് പൊതുവേയുളള സംസാരം. ചിത്രത്തിലെ ശ്രുതിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. കയ്യിൽ വാളേന്തി കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ശ്രുതിയുടെ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെയും ഉയർത്തുന്നതാണ്.

സുന്ദർ.സി ആണ് ചിത്രത്തിന്റെ സംവിധായകൻ. സുന്ദർ ടീമിനൊപ്പം ചേരാനുളള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ശ്രുതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞതിങ്ങനെ: ”ഒരാളുടെ വർക്കിന്റെ അടിസ്ഥാനത്തിൽ അയാളെ വിലയിരുത്തുന്നത് എനിക്കിഷ്ടമല്ല. ഒരേതരത്തിലുളള സിനിമകൾ ചെയ്യുന്നത് എനിക്ക് താൽപര്യമില്ല. മറ്റുളളവരെയും ഞാൻ ഇതുപോലെയാണ് കാണുന്നത്”.

സംഘമിത്രയിലെ കഥാപാത്രമാകാനുളള തയാറെടുപ്പുകളെക്കുറിച്ചും ശ്രുതി വ്യക്തമാക്കി. ”എന്റെ കഥാപാത്രത്തിനായി ശാരീരികമായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും ആ കഥാപാത്രം ആകാനുളള തയാറെടുപ്പിലാണ്. ഫിറ്റാവുക എന്നു പറഞ്ഞാൽ കരുത്ത് ആർജിക്കുക. ഇതാണ് ഇപ്പോൾ ഞാൻ നേടാൻ ശ്രമിക്കുന്നത്”. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനിൽ വാൾപയറ്റ് പരിശീലിക്കുകയാണ് ശ്രുതി.

”സംവിധായകൻ പറയുന്നതുപോലെ കേട്ട് ചെയ്യുന്ന ഒരു കഥാപാത്രമല്ല ചിത്രത്തിൽ എന്റേത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണിത്. ദീർഘനാളായി ഇത്തരമൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും” ശ്രുതി പറഞ്ഞു. ഇത്തരമൊരു വലിയ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും ശ്രുതി മറച്ചുവച്ചില്ല.

ഓഗസ്റ്റിലാണ് സംഘമിത്രയുടെ ഷൂട്ടിങ് തുടങ്ങുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ജയം രവി, ആര്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ