ഇന്ത്യൻ സിനിമാ ലോകം കീഴടക്കാൻ സംഘമിത്ര വരുന്നു. ശ്രുതി ഹാസൻ, ജയം രവി, ആര്യ എന്നിവരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുന്ദർ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത മാന്ത്രികൻ എ.ആർ.റഹ്മാനാണ് സംഘമിത്രയുടെ സംഗീതം ഒരുക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടക്കും. ഇതിനായി സംഘമിത്രയിലെ പ്രധാന താരങ്ങളും സംവിധായകനും എ.ആർ.റഹ്മാനും കാൻ വേദിയിലെത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ശ്രീ തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ പങ്ക്വച്ചിട്ടുണ്ട്.
Team #Sangamithra en route to Cannes! Stay tuned for more updates!#sundarc @arya_offl @khushsundar @actor_jayamravi @aditi1231 pic.twitter.com/GFvhMT6rGd
— Sri Thenandal Films (@ThenandalFilms) May 17, 2017
സംഘമിത്രയ്ക്കായി കഠിന പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ശ്രുതി ഹാസൻ. സംഘട്ടന രംഗങ്ങൾ പരിശീലിക്കുന്ന വിഡിയോ താരം മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്ക്വച്ചിരുന്നു.
എഡി എട്ടാം നൂറ്റാണ്ടിലാണ് സംഘമിത്രയുടെ കഥ നടക്കുന്നത്. തമിഴ് സിനിമയ്ക്ക് എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു ചിത്രമായിരിക്കും സംഘമിത്രയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ബാഹുബലിയുടെ ആർട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സംഘമിത്രയുടെയും പിന്നിൽ പ്രവർത്തിക്കുന്നത്. മറ്റൊരു ബാഹുബലിയാവുമോ ചിത്രമെന്നാണ് സിനിമാ പ്രേമികൾ ഉറ്റു നോക്കുന്നത്. ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നിർമാണം. ഓഗസ്റ്റിൽ സംഘമിത്രയുടെ ചിത്രീകരണം തുടങ്ങും.