scorecardresearch

സിനിമ പരാജയമായപ്പോൾ ബാക്കി പ്രതിഫലം സംയുക്ത വേണ്ടെന്ന് വച്ചു; വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

“സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത മെസ്സേജ്‌ അയച്ചു. നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം, അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല”

Samyuktha Menon, Samyuktha Menon Edakkad Battalion , Sandra Thomas about Samyuktha Menon, Samyuktha Menon photos

‘ബൂമറാങ്’ എന്ന സിനിമയുടെ പ്രമോഷന് വരാതിരുന്നതിന്റെ പേരിൽ നടി സംയുക്തയ്ക്കെതിരെ സിനിമാരംഗത്തുനിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഒരിക്കൽ, സിനിമയുടെ പരാജയം മനസ്സിലാക്കി കിട്ടാനുള്ള പ്രതിഫലം വേണ്ടെന്നുവച്ച താരമാണ് സംയുക്ത എന്നു വെളിപ്പെടുത്തുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. താൻ നിർമ്മിച്ച ‘എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിനു സംയുക്ത മുഴുവൻ പ്രതിഫലവും കൈപ്പറ്റിയിട്ടില്ലെന്നും സാന്ദ്ര തോമസ് തുറന്നു പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സാന്ദ്ര ഇക്കാര്യകൾ വ്യക്തമാക്കിയത്.

സാന്ദ്രയുടെ കുറിപ്പിന്റെ പൂർണരൂപം:

പന്ത്രണ്ട് വർഷത്തെ എന്റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. ‘എടക്കാട്‌ ബറ്റാലിയൻ’ എന്ന സിനിമക്കു മുൻപ്‌ 8 ചിത്രങ്ങളും അതിന്‌ ശേഷം രണ്ട്‌ ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമ്മാതാവാണ് ഞാൻ. ‘എടക്കാട്‌ ബറ്റാലിയൻ’ സിനിമയിൽ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഞാനാദ്യമായി ആ കുട്ടിയെ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കാൾ. ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കല്യാണത്തിന്റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആര്ടിസ്റ്റിനെ വെച്ച് തരാമോ. അത് നമ്മുടെ സിനിമക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാൻ ഓക്കേ പറഞ്ഞു . രണ്ട്‌ ദിവസം കഴിഞ്ഞു ലൊക്കേഷനിൽ ചെന്നപ്പോൾ സംയുക്ത എന്നോട് പറഞ്ഞു, ഇന്ന് എന്റെ ഗ്രാറ്റിറ്റ്യൂഡ് ബുക്കിൽ ഞാൻ ചേച്ചിക്കാണ്‌ നന്ദി എഴുതിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു, കാരണം ഒരു നിർമ്മാതാവെന്ന നിലയിൽ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു അത്. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിർമ്മാതാവിന്റെ കടമയായി മാത്രമേ എല്ലാവരും കാണൂ. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓർത്തു.

മാസങ്ങൾ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്കു കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ. ഞാൻ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ്‌ അയച്ചു. ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല . നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം.ആ കുട്ടിയുടെ വലിയ മനസിന് മുന്നിൽ എനിക്ക് തലകുനിക്കേണ്ടി വന്നു. മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്.

പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ ബാധിക്കുന്നത് നിർമ്മാതാവിന് മാത്രമായിരിക്കും. കാരണം പരാജയം ആണെങ്കിൽ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും. ഒരു വർഷം മുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ ഇറങ്ങുന്ന കേരളത്തിൽ വിജയിക്കുന്നത് വെറും 5% ചിത്രങ്ങൾ മാത്രമാണ്. ഇതിന്റെയൊക്കെ നിർമ്മാതാക്കളെ നിലനിർത്തികൊണ്ടുപോകാൻ ഇതുപോലെയുള്ള നടീനടന്മാർ മലയാളസിനിമക്ക് ആവശ്യമാണ്. ഇത് എന്റെ ഒരു അനുഭവം ആണ്. ഇപ്പോൾ പറയണമെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളൂ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sandra thomas about actress samyuktha menon edakkad battalion balance payment

Best of Express