സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ 45 മത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ്‌ നേടി.

ലോകസിനിമയിലെ എട്ടു മികച്ച ചിത്രങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്നാണ് സെക്സി ദുര്‍ഗ തിരഞ്ഞെടുക്കപ്പെട്ടത്. 40,000 യൂറോയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ഹിവോസ് ടൈഗര്‍ പുരസ്കാരം.

ജൂറി സനലിന്‍റെ സിനിമയെ ഇങ്ങനെ വിലയിരുത്തി:
“For its daring and resourceful approach in creating a mood of constant tension, providing an insight into multi-layered power dynamics of gender, class and authority.”

മലയാളത്തിലെ സ്വതന്ത്ര സിനിമക്കുള്ള അംഗീകാരമാണിതെന്നു സനല്‍ കുമാര്‍ ശശിധരന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അവാർഡിന്റെ ചിത്രവും സനൽകുമാർ ശശിധരൻ ആരാധകർക്കായി പങ്കുവച്ചിരുന്നു.

ഫെബ്രുവരി അഞ്ചിന് സെക്‌സി ദുർഗയുടെ പ്രത്യേക സ്ക്രീനിങ്ങും ആംസ്റ്റർഡാമിലെ ഐ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. റോട്ടർഡാമിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സെക്‌സി ദുർഗയെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ട്വീറ്റ് ചെയ്‌തിരുന്നു.

ഒരാള്‍പ്പൊക്കം, ഒഴിവു ദിവസത്തെ കളി എന്നീ സിനിമകള്‍ക്ക്‌ ശേഷം സനല്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ സെക്സി ദുര്‍ഗ. രണ്ടു കമിതാക്കള്‍ നടത്തുന്ന ഒരു യാത്രയുടെ പാശ്ചാത്തലമായി വരുന്ന ഒരു ഉത്സവം. ദുര്‍ഗ എന്ന ദേവിയെ ആഘോഷത്തിലൂടെയും, അന്ധമായ വിശ്വാസത്തിലൂടെയും, സ്നേഹ സങ്കല്‍പ്പത്തിലൂടെയും അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.

പ്രതാപ് ജോസഫ്‌ ക്യാമറയും മുരുഗന്‍ കലാസംവിധാനവും നിര്‍വ്വഹിച്ച ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത് സനല്‍ തന്നെയാണ്. രാജശ്രീ ദേശ്പാണ്ടേ, കണ്ണന്‍ നായര്‍, ബിലാസ്, സുജീഷ് കെ എസ്, അരുണ്‍സോള്‍ എന്നിവര്‍ അഭിനയിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് NIV ആര്‍ട്ട്‌ മൂവീസിന്‍റെ ബാനറില്‍ ഷാജി മാത്യു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ