Latest News

ഒരു സ്ത്രീയുടെ ജീവിതത്തില്‍ പുരുഷന്‍ എവിടെയാണ്?: സനലിന്റെ സിനിമ പറയുന്നു

“ഒരു സ്ത്രീയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ഞാനീ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്”, പുതിയ ചിത്രം ‘ചോല’യെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍

Sanal Kumar Sasidharan

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം ‘എസ് ദുര്‍ഗ’യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചോല’. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘എസ് ദുര്‍ഗ’ സെന്‍സര്‍ ബോര്‍ഡിലും ദേശീയ-സംസ്ഥാന പുരസ്കാരങ്ങളിലും ഒരു പേരിന്റെ പേരില്‍ വലിയ തിരിച്ചടികള്‍ നേരിട്ട ചിത്രമാണ്.  അവയെയെല്ലാം മറികടന്ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുകയും പ്രേക്ഷക-നിരൂപക പ്രശംസ നേടുകയും ചെയ്തു.

അടുത്ത ചിത്രമായ ‘ചോല’ ഒരുക്കുന്ന തിരക്കിലാണ് സംവിധായകന്‍.  ഇനി പറയാന്‍ പോകുന്നത് ഒരു വലിയ കഥയാണെന്ന അവകാശ വാദം അദ്ദേഹത്തിനില്ല; പക്ഷെ ചെറുതെന്നു തോന്നിക്കുന്ന പല വലിയ കാര്യങ്ങളും ‘ചോല’ യ്ക്കു പറയാനുണ്ട്.

“ഒരു സ്ത്രീയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ഞാനീ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. സ്‌നേഹിക്കുന്ന പുരുഷനാകട്ടെ, ചൂഷണം ചെയ്യുന്ന പുരുഷനാകട്ടെ, ഒരു സ്ത്രീയുടെ ജീവിതത്തില്‍ പുരുഷന്റെ സ്ഥാനം എവിടെയാണ് എന്നാണ് ഈ ചിത്രത്തിലൂടെ ഞാന്‍ പറയാനാഗ്രഹിക്കുന്നത്.

സ്ത്രീ കേന്ദ്രീകൃതം എന്ന് ഈ ചിത്രത്തെ ഞാന്‍ വിശേഷിപ്പിക്കില്ല. ലിംഗ രാഷ്ട്രീയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ അതിനുമപ്പുറത്തേക്ക് ചിലതു പറയാന്‍ ആഗ്രഹിക്കുന്നുണ്ട് ‘ചോല’. പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എന്റെ വിലയിരുത്തലുകണാണ് ‘ചോല’യില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. ഇതൊരു റോഡ് മൂവി കൂടിയാണ്,’ സനല്‍കുമാര്‍ ശശിധരന്‍ ഐ ഇ മലയാളത്തോടു പറഞ്ഞു.

മൂന്നു പേരുടെ ജീവിതത്തില്‍ സംഭവിച്ച ചില നിര്‍ണായക കാര്യങ്ങളെ ആസ്പദമാക്കി രാഷ്ട്രീയവും സ്ത്രീ ഐഡന്റിറ്റിയും സംസാരിക്കുന്ന ചിത്രമാകും ‘ചോല’. ജോജു ജോര്‍ജ്, നിമിഷ സജയന്‍, പുതുമുഖമായ അഖില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഈ സിനിമയിലെ എന്റെ കഥാപാത്രത്തെ ഞാനൊരിക്കലും നായകന്‍ എന്നു വിളിക്കില്ല. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ എല്ലാം ഇതിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ഇത്തരം ഒരു വിഷയവുമായി സനല്‍ എന്നെ സമീപിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ അത്ഭുതം തോന്നി. എന്റെ രൂപത്തിന് ചേര്‍ന്നൊരു കഥാപാത്രമാണിത്.

സംവിധായകന്‍ ഉദ്ദേശിച്ചതു പോലെ അഭിനയിക്കാന്‍ എനിക്കു സാധിച്ചാല്‍ ഇതെന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാകും

‘ചോല’യിലെ തന്റെ വേഷത്തെക്കുറിച്ച് ജോജു ജോര്‍ജ് ഐ ഇ മലയാളത്തോട് പ്രതികരിച്ചതിങ്ങനെ.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ ആണ് ജോജുവിന്റെ പുതിയ ചിത്രം. ഇതില്‍ 70 വയസുകാരനായാണ് ജോജു പ്രത്യക്ഷപ്പെടുന്നത്. ഒരു കുറ്റാന്വേഷണ കഥയാണ് ‘ജോസഫ്’.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘മാംഗല്യം തന്തുനാനേനാ’, മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നിവയാണ് നിമിഷയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

സനല്‍ കുമാര്‍ ശശിധരനും നോവലിസ്റ്റായ കെ.വി മണികണ്ഠനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ജൂലൈ 15 ന് ചിത്രീകരണം ആരംഭിക്കും. ‘ഒരാള്‍പ്പൊക്കം’, ‘ഒഴിവുദിവസത്തെ കളി’, ‘എസ് ദുര്‍ഗ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സനലിന്റെ ‘ഉന്മാദിയുടെ മരണം’ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sanalkumar sasidharan new movie chola nimisha sajayan joju george

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express