എറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക്. മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റിയാണ് എസ് ദുര്‍ഗ എന്നാക്കിയത്.
സാധാരണ റിലീസിനൊപ്പം ചില സമാന്തര സിനിമാ സംഘടനകളും ചിത്രത്തിന്റെ റിലീസില്‍ പങ്കാളികളാകുന്നുണ്ട്. മൂവീ സ്ട്രീറ്റ്, മറ്റു ഫിലിം സൊസൈറ്റികള്‍, കോളേജ് ഫിലിം ക്ലബ്ബുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലുള്ള പ്രാദേശിക കൂട്ടായ്മകളും ഈ ശ്രമത്തിന്റെ ഭാഗമാണ്. ഇവരുടെ സഹകരണത്തോടെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ എസ് ദുർഗ പ്രദര്‍ശിപ്പിക്കും.
ഈ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണം ചിത്രത്തെ തിയേറ്ററുകളിലെത്തിക്കാന്‍ കൂടുതല്‍ സഹായിച്ചുവെന്ന് സംവിധായകന്‍ ഐഇ മലയാളത്തോടു പറഞ്ഞു
‘വലിയ താരങ്ങളില്ലാതെ സിനിമകള്‍ ഇറക്കുമ്പോള്‍ പലപ്പോഴും തിയേറ്റര്‍ ഗ്രൂപ്പുകള്‍ക്ക് ചിത്രം സ്വീകരിക്കപ്പെടുമോ എന്ന് സംശയമാണ്. അതിനാല്‍ തിയേറ്റര്‍ കിട്ടാനും പ്രയാസമാണ്. എന്നാല്‍ ഓരോ നാട്ടിലുമുള്ള സിനിമാ പ്രേമികളുടെ ഈ സംഘടനകള്‍ തിയേറ്ററുകളില്‍ പോയി അവരെ കണ്ട് സംസാരിച്ച് ഞങ്ങള്‍ക്കീ സിനിമ കാണണം എന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. അടിത്തട്ടില്‍ നിന്നും മുകളിലേക്കാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്.’
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രത്തിന് കേന്ദ്രം ഇടപെട്ട് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ഫെസ്റ്റിവല്‍ ജൂറി തിരഞ്ഞെടുത്ത ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് വാര്‍ത്ത വിതരണ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് എസ് ദുര്‍ഗ. നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരവും ലഭിച്ചു.
ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.