ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സെക്സി ദുർഗ സിനിമയെ വിലക്കിയതിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ നിയമനടപടിക്ക്. വാർത്ത വിതരണ മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിനും എതിരെ മലയാള സംവിധായകൻ കോടതിയെ സമീപിക്കും.

ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ഫെസ്റ്റിവൽ ജൂറി തിരഞ്ഞെടുത്ത ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് വാർത്ത വിതരണ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ജൂറി തലവൻ സുജോയ് ഘോഷ് സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞാൻ കോടതിയെ സമീപിക്കും. ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിനും മന്ത്രാലയത്തിനും ഡയറക്ടർക്കും എതിരായി പരാതി നൽകും. ഒരു കൂട്ടം ആളുകൾ പ്രതിസ്ഥാനത്തുണ്ട്”, സംവിധായകൻ വ്യക്തമാക്കി.

നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ ചിത്രമാണ് സെക്സി ദുർഗ. നാൽപത്ത​ഞ്ചാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗർ അവാർഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാൻ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ അപ്രികോട്ട് പുരസ്കാരവും ലഭിച്ചു.

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ