നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മാപ്പു ചോദിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സനല്‍ സംസാരിച്ചത് ഇന്ദ്രന്‍സിനെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് ആരോപിച്ച് ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി.അഭിലാഷ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതേ തുടർന്നായിരുന്നു സനലിന്റെ ക്ഷമാപണം.

‘റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ളോസ് എന്‍കൗണ്ടറില്‍ ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു.’ സനല്‍ കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്തു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡായിരുന്നു, കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തെക്കാള്‍ നന്നായിട്ട് പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തു. അപ്പോൾ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. ജനങ്ങള്‍ക്കുണ്ട്. അപ്പോൾ അദ്ദേഹത്തിന് ഒരു അവാര്‍ഡ് കൊടുത്തപ്പോൾ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്.’ എന്നായിരുന്നു അഭിമുഖത്തില്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞത്.

സിനിമ കാണാതെ എങ്ങനെയാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ സനല്‍കുമാര്‍ ശശിധരന് സാധിച്ചത് എന്നു ചോദിച്ച വി.സി.അഭിലാഷ് താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ അവര്‍ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുച്ഛത്തോടെ മാത്രമേ കാണാനാകൂ എന്നും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ