മുരളി ഗോപിയും സനൽകുമാർ ശശിധരനും ഒന്നിക്കുന്നു. സെക്‌സി ദുർഗ എന്ന ചിത്രത്തിന് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുരളി ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ഒരു ഫിലിം മേക്കറും അയാൾ ജീവിക്കുന്ന സമൂഹവും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ചലച്ചിത്രക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്രവും സമൂഹം അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതടക്കമുളള കാര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. മേയ് പകുതിയോടെ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങുമെന്ന് സനൽ കുമാർ ശശിധരൻ പറഞ്ഞു.

സനൽ കുമാർ ശശിധരനൊപ്പമാണ് അടുത്ത ചിത്രമെന്നും നല്ല ഇന്ത്യൻ സിനിമകളുടെ ഭാഗമാവുന്നത് ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് മുരളി ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മലയാള സിനിമയ്‌ക്ക് അഭിമാന മുഹൂർത്തം സമ്മാനിച്ചാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത ‘സെക്‌സി ദുർഗ’ റോട്ടർഡാം ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുളള​ ഹിവോസ് ടൈഗർ അവാർഡ് നേടിയത്. ആദ്യമായാണ് ഇന്ത്യയിൽ നിന്നുളള​ ഒരു ചിത്രത്തിന് ഫീച്ചർ ഫിലിം വിഭാഗത്തിൽ ഈ അവാർഡ് ലഭിക്കുന്നത്. ലോകത്തിലെ എട്ടു മികച്ച ചിത്രങ്ങളുടെ ചുരുക്ക പട്ടികയിൽ നിന്നാണ് സനൽ കുമാർ ശശിധരന്റെ മലയാള ചിത്രം സെക്‌സി ദുർഗ ഈ നേട്ടം കൈവരിച്ചത്.

ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി തുടങ്ങിയവയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത മറ്റു ചിത്രങ്ങൾ. ഒഴിവുദിവസത്തെ കളിയ്‌ക്ക് 2015 ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

ഈ അടുത്ത കാലത്ത്, ഭ്രമരം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് മുരളി ഗോപി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook