വിവാഹം കഴിഞ്ഞ് പല നടികളും തിരിച്ചുവന്നെങ്കിലും അക്കൂട്ടത്തിൽ സംയുക്ത വർമ്മയെ മലയാളി പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയിൽനിന്നും വിട്ടുനിന്നത്. മകൻ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. ഏറെ കാലത്തിനുശേഷം യോഗ ചെയ്യുന്ന സംയുക്തയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനുപിന്നാലെ സംയുക്ത സിനിമയിലേക്ക് മടങ്ങി വരുമെന്ന് അഭ്യൂഹങ്ങൾ പരന്നു. ഇപ്പോഴിതാ താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കി.

”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?”

”ഞാൻ അഭിനയിക്കുന്നതിൽ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടൻ. ബിജു ജീവിക്കാൻ പഠിപ്പിച്ചു. ഞാൻ സിനിമയിൽനിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാർ. നാല് ഏടത്തിയമ്മമാർ, കുട്ടികൾ. നമ്മൾ ചിലത് പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാൻ പഠിപ്പിച്ചു”.

ദാമ്പത്യ ജീവിതത്തെക്കുറിച്ചും സംയുക്ത അഭിമുഖത്തിൽ മനസ് തുറന്നു. ”ഞങ്ങൾ ഒരിക്കലും പരസ്‌പരം പിടിച്ചു വയ്ക്കാറില്ല. ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. ഇഷ്ടമല്ല വല്ലാതെ ഒട്ടാൻ ചെല്ലുന്നത്. രണ്ടുപേർക്കും അവരുടേതായ സ്‌പേസ് ഉണ്ട്, സ്വാതന്ത്ര്യമുണ്ട്. അതിൽ വേറൊരാൾ കടന്നു കയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ വഴിയിൽ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയിൽ പോവാനുമാണ് ഇഷ്ടം. രണ്ടുപേരും അതിൽ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ, ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും, കാര്യങ്ങൾ പരസ്‌പരം പറയും”.

ബിജു മേനോൻ മദ്യപിക്കാറുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സംയുക്തയുടെ മറുപടി. ”അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞ് വരുന്നത് നല്ല സമ്മർദത്തിലായിരിക്കും. ഒന്നു റിലാക്‌സ് ചെയ്യാൻ തോന്നില്ലേ? ഓരോരുത്തർക്ക് ഓരോ മട്ടിലാണ് റിലാക്‌സേഷൻ. ചിലർക്ക് മദ്യം. ആണുങ്ങൾ കൂടുതലും ഷെയർ ചെയ്യുന്നത് സുഹൃത്തുക്കളോടായിരിക്കും. അല്ലെങ്കിൽ പിന്നെ ഒരു കാമുകി വേണം. ചില ആളുകൾക്ക് അങ്ങനെയായിരിക്കും. പക്ഷേ ഓൾറെഡി ഒരു കാലിലുളള മന്ത് മറ്റേ കാലിലേക്കു എടുത്തു വയ്ക്കണ്ടെന്നു വിചാരിക്കുന്ന ബുദ്ധിയുളള പുരുഷന്മാർ പ്രേമിക്കാൻ പോവില്ല”.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ