/indian-express-malayalam/media/media_files/uploads/2022/06/Biju-Menon-Samyuktha-Varma.jpg)
സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. യോഗാഭ്യാസം ദേഷ്യവും മറ്റും കുറയ്ക്കാൻ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് തുറന്നുപറയുകയാണ് സംയുക്ത. ഒപ്പം, ജീവിതത്തിലെ രസകരവും തന്നെ ചിന്തിപ്പിച്ചതുമായ ഒരനുഭവവും സംയുക്ത പങ്കു വച്ചു.
പൊതുവെ ദേഷ്യം വരാത്തയാളാണ് താനെന്നും ഏറ്റവുമൊടുവിൽ ദേഷ്യം വന്നത് കുറച്ചുവർഷങ്ങൾക്കുമുൻപ് കുടുംബസമേതം യുഎസിൽ പോയപ്പോഴാണെന്നും സംയുക്ത.
"ഞങ്ങൾ യുഎസിൽ പോയതാണ്. ദക്ഷ് അന്ന് കുഞ്ഞാണ്. ഒരു ദിവസം, ഞാൻ ഒന്ന് പുറത്തുപോയി വരാം, ലഞ്ച് നമുക്ക് പുറത്തുന്ന് കഴിക്കാം എന്നു പറഞ്ഞു ബിജുവേട്ടൻ പോയി. ഞാൻ ദക്ഷിന് ബ്രേക്ക്ഫാസ്റ്റൊക്കെ കൊടുത്ത് പോവാൻ റെഡിയായിരിക്കുകയാണ്. ഉച്ച കഴിഞ്ഞു, ലഞ്ച് ടൈം ആയിട്ടും ആള് വരുന്നില്ല, ഫോണിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഞാനോർത്തു എന്തെങ്കിലും തിരക്കിൽ പെട്ടതാവും എന്ന്."
"ഞാൻ ദക്ഷിനെ അപ്പുറത്തൊരു റെസ്റ്റോറന്റിൽ കൊണ്ടുപോയി ലഞ്ചൊക്കെ കഴിപ്പിച്ചു, അതു കഴിഞ്ഞ് അവൻ ഉറങ്ങി. അപ്പോഴും ബിജുവേട്ടന്റെ ഒരു വിവരവുമില്ല. നമ്മൾ അറിയാത്തൊരു സ്ഥലം, വിളിച്ചിട്ടും കിട്ടുന്നില്ല, എനിക്ക് ചെറുതായി പേടി തോന്നി തുടങ്ങി. അങ്ങനെ സമയം പോയി കൊണ്ടിരുന്നു. വൈകിട്ട് ആറുമണിയായിട്ടും കാണുന്നില്ല, മോന് വീണ്ടും വിശക്കുന്നു. ഞാൻ വീണ്ടും പുറത്തിറങ്ങി അവന് ഫുഡ് വാങ്ങി കൊടുത്തു, ഞാൻ കഴിക്കാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, പുതിയ സ്ഥലമായതിന്റെ ഒരു പ്രശ്നവും പേടിയുമുണ്ട്. ബിജുവേട്ടൻ എവിടെയാണ്, ഇനി എന്തെങ്കിലും പറ്റിയോ? എന്നൊക്കെ ആലോചിച്ചു കൂട്ടുന്നുണ്ട്."
"അങ്ങനെ 10 മണി, 11 മണി, 12 മണി…. പുലർച്ചെ 3 മണി വരെയായി. എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ താഴെയിറങ്ങി ഹോട്ടലിനു വെളിയിലെ കഫെയിൽ ഇരുന്ന് ഒരു കാപ്പി കുടിച്ചോണ്ടിരിക്കുമ്പോൾ, മൂന്നു മണിയായി കാണും, ഒരാള് നല്ല സന്തോഷമായിട്ട് കയറി വരുന്നു. എന്താ ഇവിടെയിരിക്കുന്നേ? എന്നും ചോദിച്ച്. മൂന്നുമണിയ്ക്ക് എന്തിനാ കാപ്പി കുടിയ്ക്കുന്നേ എന്നൊക്കെ ചോദിക്കുന്നു."
"ഞാൻ മുറിയിലേക്ക് കയറിപോയിട്ട് എന്തൊക്കെയാ എടുത്ത് എറിഞ്ഞതെന്ന് എനിക്കോർമ്മയില്ല. ഒരു ടേബിൾ ലാമ്പ് എടുത്ത് എറിയാൻ പോയപ്പോൾ മോൻ ഉണർന്നു. അവൻ പേടിച്ച് അമ്മ നമ്മളെ കൊല്ലോ അച്ഛാ? എന്നു ചോദിക്കുന്നു. അപ്പോൾ ബിജുവേട്ടൻ മോനെ കെട്ടിപ്പിടിച്ചിട്ട്, 'ഇല്ലെടാ, അമ്മ നമ്മളെ കൊല്ലിലെടാ, കൊല്ലില്ലെന്ന് തോന്നുന്നു, നീ ഉറങ്ങിക്കോ' എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നു. എനിക്ക് അതുകണ്ടിട്ട് ചിരിയും കരച്ചിലും വന്നു. ബാത്ത്​റൂമിൽ പോയി കരച്ചിലായിരുന്നു ഞാൻ. അന്ന് ഞാൻ വിചാരിച്ചു, അങ്ങനെയൊരു ദേഷ്യം എനിക്കു പാടില്ല. ദേഷ്യം വന്നാലും നമ്മള് മതിമറന്നുപോവാൻ പാടില്ലല്ലോ. അന്ന് തീരുമാനിച്ചതാണ് ദേഷ്യം കുറച്ച് ബാലൻസ്ഡ് ആവണമെന്ന്," സംയുക്ത പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us