സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്.
സംയുക്തയുടെ ജന്മദിനമാണ് ഇന്ന്. സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കൾ സംയക്തയുടെ ജന്മദിനത്തിൽ ആശംസയറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ആശംസകൾ നേർന്നത്.
നടിമാരായ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, മാന്യ നായിഡു, ഭാവന, സംയുക്തയുടെ ചെറിയമ്മ കൂടിയായ ഊർമ്മിള ഉണ്ണി എന്നിവരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ആശംസ അറിയിച്ച എല്ലാവർക്കും സംയുക്ത നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംയുക്ത എല്ലാവർക്കും നന്ദി പറഞ്ഞത്.






മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
Also Read: തകർപ്പൻ വർക്കൗട്ട് വീഡിയോയുമായി ഭാവന
താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം മുൻപ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?,” എന്നായിരുന്നു സംയുക്ത പറഞ്ഞത്.