മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.
Read more: ഇവിടെ ഇത് ശരത്കാലം; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സംവൃത
ഇപ്പോഴിതാ, മക്കളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. “ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഇവിടെ ആറാം മാസത്തെ സ്കാനിംഗിൽ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആൺ കുട്ടിയാണെന്നറിഞ്ഞപ്പോൾ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്,” സംവൃത പറയുന്നു. വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ് സംവൃത മനസ്സു തുറന്നത്.
View this post on Instagram
View this post on Instagram
അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.
“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.
സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് ആരാധകരുമായി തന്റെ വിശേഷങ്ങൾ സംവൃത പങ്കുവെയ്ക്കാറുണ്ട്. ലോക്ക്‌ഡൗണ്‍ ആണെങ്കിലും താൻ വളരെ സന്തുഷ്‌ടയാണെന്നാണ് അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ സംവൃത പറഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റെെനിലാണെങ്കിലും തനിക്കു വേറെ ഒന്നിനും സമയമില്ലെന്നും പോസ്റ്റിൽ സംവൃത പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിൽ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ക്വാറന്റെെൻ അനുഭവം വിവരിച്ചത്.
“കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.” സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read more: സംവൃതയുടെ ഭർത്താവ് ചില്ലറക്കാരനല്ല; ഈ വീഡിയോ കണ്ടു നോക്കൂ