വിവാഹ ശേഷം നായികമാർ അഭിനയരംഗത്തു നിന്ന് മാറി നിൽക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും. ചിലർ വരില്ല. അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി, കണ്ടു കൊതി തീരും മുമ്പേ അഭിനയം നിർത്തിയ നായികയാണ് സംവൃത സുനിൽ. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത വീണ്ടും സിനിമയിലെത്തി.
കഴിഞ്ഞദിവസം സംവൃതയുടെ വിവാഹ വാർഷികമായിരുന്നു. സംവൃതയ്ക്കും അഖിലിനും ആശംസകൾ നേർന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അതിനിടെ ഒരാൾ പങ്കുവച്ച ചിത്രമാണ് ആരാധകരിൽ കൗതുകം ഉണർത്തിയത്. സംവൃതയുടെ കുട്ടിക്കാല ചിത്രമായിരുന്നു അത്. കൂടെയിരിക്കുന്ന കുട്ടി താരത്തിന്റെ അനിയത്തി സംയുക്തയാണെന്ന് കരുതുന്നു.
കരിയറിൽ തിളങ്ങിനിന്നിരുന്ന സമയത്താണ് സംവൃത സുനിൽ വിവാഹിതയായി അഭിനയത്തിൽനിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. യുഎസിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വർഷങ്ങൾക്കുശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു.
സിനിമയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് സംവൃത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞത് ഇങ്ങനെ:
“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്.”
Read More: എനിക്ക് മാറ്റങ്ങളുണ്ട്: മടങ്ങി വരവിനെക്കുറിച്ച് സംവൃത സുനില്
“‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലേക്ക് വിളിച്ചപ്പോഴാണ് മിനി സ്ക്രീനിലേക്കുളള മടങ്ങിവരവെങ്കിലും ചിന്തിക്കുന്നത്. ആ റിയാലിറ്റി ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത് ഞാൻ മിസ് ചെയ്തിരുന്നുവെന്നും പ്രേക്ഷകർക്ക് എന്നോടുളള ഇഷ്ടവും ഞാൻ മനസിലാക്കിയത്. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. അതുവരെ ഞാൻ കരുതിയിരുന്നത് ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണെന്നാണ്. ഭർത്താവും മകനും ഒക്കെയായിട്ട് കുടുംബമായി കഴിഞ്ഞുപോകുന്ന ഞാൻ സന്തോഷവതിയാണെന്നാണ് കരുതിയത്. പക്ഷേ ഈ ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്റെ കുടുംബത്തിനൊപ്പം കരിയറും കൂടി ഉണ്ടെങ്കിലേ ഞാൻ കംപ്ലീറ്റ് ആകൂ എന്ന് മനസിലായത്. ആ ഷോ കഴിഞ്ഞപ്പോൾ മുതൽ നല്ല പ്രോജക്ട് വന്നാൽ ചെയ്യണമെന്ന് ഉറപ്പിച്ചു. മുൻപും സിനിമ ചെയ്യില്ല എന്നു ഉറപ്പിച്ചിരുന്നില്ല. ‘നായിക നായകൻ’ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സിനിമ സീരിയസായിട്ട് ചെയ്യണം എന്നു തോന്നിയത്.”