അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
മക്കൾക്കൊപ്പം ജെലാറ്റോ കഴിക്കാനിറങ്ങിയ വീഡിയോയാണ് സംവൃത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഒരേയൊരു ലക്ഷ്യം ദിവസവും ജെലാറ്റോ കഴിക്കുക” എന്നാണ് സംവൃത നൽകിയിരിക്കുന്ന അടികുറിപ്പ്. ‘ഈ തണുപ്പത്ത് എങ്ങനെ ജെലാറ്റോ കഴിക്കാനാകുന്നു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. മക്കൾ മാത്രമല്ല ജെലാറ്റോ കഴിക്കാൻ സംവൃതയ്ക്കു കൂട്ടായി ഭർത്താവ് അഖിലുമുണ്ട്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.