ദേശീയ അവാര്‍ഡ് നേടിയ കളിയാട്ടം എന്ന ചിത്രത്തിനു ശേഷം, തെയ്യം പ്രമേയമായി വരുന്ന ‘കാല്‍ച്ചിലമ്പ്’ തിയേറ്ററുകളിലേക്ക്. എട്ടുവര്‍ഷം മുമ്പ് 2010ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. വിനീതും സംവൃത സുനിലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. കണ്ണന്‍ എന്ന തെയ്യം കലാകാരനായാണ് വിനീത് എത്തുന്നത്. തെയ്യത്തെ ആത്മാവോളം സ്‌നേഹിച്ച കണ്ണന്‍ ഈ കലാരൂപത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിക്കുന്നവനാണ്. എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ കണ്ണന്‍ എത്തുകയും അവിടുത്തെ കാര്‍ത്തിക തമ്പുരാട്ടിയായി പ്രണയത്തിലാവുകയും ചെയ്യുന്നു. വ്രതശുദ്ധിയും ഉപാസനയുമെല്ലാം കണ്ണന് നഷ്ടമാകുന്നു.

ഉയര്‍ന്ന ജാതിയില്‍ പെട്ട കാര്‍ത്തിക തമ്പുരാട്ടിയും, താഴ്ന്നവരെന്നു പറഞ്ഞ് അടിമകളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട കുലത്തിലെ കണ്ണനും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിനീത് എത്തുന്നത്.

നവാഗതനായ എം.ടി അന്നൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ്കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ എന്നിവരും ചിത്രത്തിലുണ്ട്. മണ്‍ മറഞ്ഞു പോയവരേയും സിനിമയില്‍ നിന്നു പോയവരേയും ഒരിക്കല്‍ കൂടി കാണാനാകുന്നു എന്നതുകൂടിയാണ് കാല്‍ച്ചിലമ്പിന്റെ പ്രത്യേകത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ