അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാനും സംവൃത സമയം കണ്ടെത്താറുണ്ട്.
വിഷുവിന് സംവൃത പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. കേരളസാരിയിൽ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. മറ്റൊരു പോസ്റ്റിൽ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയുടെ വീഡിയോയും സംവൃത ഷെയർ ചെയ്തിട്ടുണ്ട്. അവിയലും സാമ്പാറും ഓലനും പപ്പടവും മുതൽ ഉണ്ണിയപ്പം വരെ ഉണ്ടാക്കി വിഷുവിന്റെ പ്രൗഢിയ്ക്ക് ഒട്ടും കുറവുവരുത്താതെയായിരുന്നു സംവൃതയുടെ വിഷു ആഘോഷം.
തന്റെ കുക്കിംഗ് പരീക്ഷണങ്ങളെ കുറിച്ച് മുൻപും സംവൃത സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. അടുത്തിടെ പങ്കുവച്ച ഒരു പോസ്റ്റിൽ അമ്മരുചികൾ കൊതിപ്പിച്ചപ്പോൾ പാചകപരീക്ഷണം നടത്തിയ വിശേഷവും താരം പങ്കിട്ടിരുന്നു.
അമേരിക്കയിൽ ആണെങ്കിലും അരികടുക്ക ഉണ്ടാക്കാൻ തോന്നിയാൽ എന്തുചെയ്യും? ഉടനെ ഉണ്ടാക്കുക തന്നെ. “നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ, അത് ലഭിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തപ്പോൾ അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത കുറിച്ചത്.
തലശ്ശേരി സ്റ്റൈലിലുള്ള കല്ലുമ്മക്കായ നിറച്ചത് (അരികടുക്ക) ഉണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങളാണ് വീഡിയോയിൽ കാണാനാവുക.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത അന്ന് ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.
പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ, 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.
Read More: രുദ്രയെ നടക്കാൻ പഠിപ്പിച്ചും അഗസ്ത്യയ്‌ക്കൊപ്പം ഓടികളിച്ചും സംവൃത; വീഡിയോ