മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന താരം ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത് സത്യംപറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ്. വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം സംവൃത അമേരിക്കയിലാണ്. ഇന്ന് എട്ട് വർഷം മുമ്പ് അഖിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവൃത.
Read More: മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം
സിനിമാ തിരക്കുകളിൽ നിന്നും മാറി, മകനും ഭർത്താവിനുമൊപ്പം യുഎസിൽ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ. ഇടയ്ക്കിടെ മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വിവാഹ ശേഷം നായികമാർ അഭിനയരംഗത്തു നിന്ന് മാറി നിൽക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും. ചിലർ വരില്ല. അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി, കണ്ടു കൊതി തീരും മുമ്പേ അഭിനയം നിർത്തിയ നായികയാണ് സംവൃത സുനിൽ. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.
“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.
“യുഎസിൽ എനിക്ക് വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ റോളാണ്. വീട്ടിലെ കാര്യങ്ങൾ നോക്കി, മോന്റെ കാര്യങ്ങൾ നോക്കി, ദിനേനയുളള കാര്യങ്ങൾ ചെയ്തുപോകുന്ന ഒരു വീട്ടമ്മ. ഞാനത് വളരെ ആസ്വദിക്കുന്നു. എനിക്ക് പാചകം ഭയങ്കര ഇഷ്ടമാണ്. വീട് ഒരുക്കുന്നത് ഭയങ്കര ഇഷ്ടമാണ്. മോന്റെ കൂടെ സമയം ചെലവിടുന്നത് ഇഷ്ടമാണ്. ഇതൊക്കെ ഞാൻ ആസ്വദിച്ച് ചെയ്യുന്നവയാണ്.” അഭിമുഖത്തിനിടെ സംവൃത പറഞ്ഞു.