Samvritha Sunil: അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സംവൃത. പഴയ കൂട്ടുകാരെ സന്ദർശിക്കുന്നതിന്റെയും ഒത്തുകൂടലുകളുടെയും തിരക്കിലാണ് സംവൃത ഇപ്പോൾ.
ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സംവൃത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ’ എന്നാണ് സംവൃത ചങ്ങാതിമാരെ വിശേഷിപ്പിക്കുന്നത്.
അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് സംവൃത. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസം.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത അന്ന് ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.
പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ, 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.
Read More: രുദ്രയെ നടക്കാൻ പഠിപ്പിച്ചും അഗസ്ത്യയ്ക്കൊപ്പം ഓടികളിച്ചും സംവൃത; വീഡിയോ
