ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് ഒരു മലയാളി നായിക കൂടി. വിവാഹാനന്തരം സിനിമയില്‍ നിന്നും ബ്രേക്ക്‌ എടുത്തു അമേരിക്കയില്‍ താമസമാക്കിയ സംവൃതാ സുനില്‍ ആണ് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നത്.   ‘ഒരു വടക്കൻ സെൽഫി’യുടെ സംവിധായകൻ പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജുമേനോന്റെ നായികയായാണ് സംവൃതയുടെ മടക്കം. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂറാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.  ചിത്രത്തില്‍ ആറു വയസ്സുകാരിയായ ഒരു കുട്ടിയുടെ അമ്മയാണ് സംവൃത.

മാഹിയിലെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതിന്റെ ടെന്‍ഷന്‍ സംവൃത പങ്കു വച്ചു.

“2004 ൽ ആദ്യചിത്രമായ ‘രസിക’നിൽ അഭിനയിക്കാൻ വരുമ്പോൾ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു.​ എന്നിട്ടും അന്ന് ഞാൻ റിലാക്സ്ഡ് ആയിരുന്നു. എന്നാൽ ആറു വർഷത്തിനു ശേഷമുള്ള ഈ തിരിച്ചു വരവ് ടെൻഷനുണ്ടാക്കുന്നുണ്ട്. മുൻപ് ലൊക്കേഷനിൽ എല്ലാവരെയും ചേച്ചീ, ചേട്ടാ എന്നൊക്കെ വിളിച്ച് നടക്കുന്ന ഒരാളായിരുന്നു ഞാൻ. ‘നായികാ നായകനി’ൽ എത്തിയപ്പോഴാണ് അതിലൊരു മാറ്റം വന്നിട്ടുണ്ടെന്ന് മനസ്സിലായത്. എട്ടു വർഷത്തോളം ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന ഒരു സീനിയർ ആർട്ടിസ്റ്റ് എന്ന രീതിയിലാണ്
എല്ലാവരും നോക്കി കാണുന്നത്”, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവൃത വെളിപ്പെടുത്തി.

“പുതിയ ചിത്രങ്ങളൊക്കെ ഞാൻ കാണാറുണ്ട്. താരങ്ങളുടെ കരിയർ ഗ്രാഫിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഇന്നത്തെ സിനിമാരീതികൾ കുറേ മാറിയിട്ടുണ്ട്. അഭിനയം പോലും വളരെ നാച്യുറലാണ്, അതൊക്കെ എന്നെ സംബന്ധിച്ച് പുതിയ അനുഭവമാണ്. പുതിയ കാലത്തെ സംവിധായകരുടെ രീതികളോ അവർ ആവശ്യപ്പെടുന്ന അഭിനയമോ എനിക്ക് പരിചിതമല്ല”, സംവൃത കൂട്ടിച്ചേര്‍ത്തു.

Read More: ഇന്‍സ്റ്റഗ്രാമിന് നൊസ്റ്റാൾജിയ കൂട്ടാന്‍ ഇനി സംവൃതയും

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ‘നായികാനായക’നിലൂടെയാണ് ഏറെ നാളുകൾക്കു ശേഷം സംവൃത ക്യാമറയ്ക്കു മുന്നിലെത്തിയത്.  സിനിമയുടെ ഷൂട്ടിംഗുമൊക്കെയായി മൂന്നു വയസ്സുകാരനായ മകൻ​ അഗസ്ത്യ പൊരുത്തപ്പെടുമോ എന്ന ആശങ്കയും സംവൃതയ്ക്കുണ്ട്.

“നായിക നായകന്റെ ഷൂട്ടിന് പോകുമ്പോൾ എന്റെ അമ്മയ്‌ക്കൊപ്പം ഇരുന്ന് അവന് ശീലമായിട്ടുണ്ട്. ഇത് ഇപ്പോൾ 15 ദിവസത്തെ ഷൂട്ടാണ് ഉള്ളത്. അധിക നാൾ അവനിൽ നിന്നും വിട്ടു നിൽക്കാൻ എനിക്കും ആഗ്രഹമില്ല. അച്ഛനും അമ്മയും കൂടെയുണ്ട്, എങ്ങനെ പോകും കാര്യങ്ങൾ എന്ന് രണ്ടു ദിവസം കൊണ്ട് അറിയാം”, സംവൃത പറയുന്നു.

 

“മുൻപും സിനിമയിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് നടന്നില്ല. ഇപ്പോഴാണെങ്കിൽ കുറേയേറെ കാര്യങ്ങൾ കൂടി നോക്കി വേണം സിനിമ തെരെഞ്ഞെടുക്കാൻ. മകന്റെ സ്കൂൾ ടൈമിങ്, ട്രാവൽ ഷെഡ്യൂൾ അതെല്ലാം പരിഗണിക്കണം. പല ചിത്രങ്ങളും 30-45 ദിവസങ്ങളൊക്കെയാണ് ആവശ്യപ്പെടുന്നത്, ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ര സമയം മാറി നിൽക്കാൻ ആവില്ല. തിരിച്ചു വരവിൽ ഒന്നും പെർഫോം ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാനും താൽപ്പര്യമില്ല. ഈ സിനിമയുടെ കഥ കേട്ടപ്പോൾ ഇഷ്ടമായി”, സംവൃത പറഞ്ഞു നിർത്തി.

കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച ‘101 വെഡ്ഡിങ്സ്’ ആയിരുന്നു സംവൃതയുടെ അവസാന ചിത്രം. വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയതും കുഞ്ചാക്കോ ബോബനൊപ്പം തന്നെ.  റിയാലിറ്റി ഷോയുടെ ജഡ്ജുകളിൽ ഒരാളായിരുന്നു കുഞ്ചാക്കോ ബോബനും.

Read More: വീണ്ടും ‘അരികെ’ : സംവൃതാ സുനിലും മംമ്താ മോഹന്‍ദാസും കാലിഫോര്‍ണിയയില്‍ കണ്ട് മുട്ടിയപ്പോള്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ