അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
അമേരിക്കയിലാണെങ്കിലും ഓണവും വിഷുവുമൊക്കെ ഗംഭീരമായി തന്നെ സംവൃത ആഘോഷിക്കാറുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം കേരളീയ വസ്ത്രമണിഞ്ഞും സദ്യ ഒരുക്കിയുമൊക്കെയാണ് സംവൃതയുടെ ആഘോഷങ്ങൾ. കുടുംബത്തിനൊപ്പം ഇന്നലെ വിഷു ആഘോഷമാക്കിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അനവധി ആരാധകരും ചിത്രങ്ങൾക്കു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, മൂന്നു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.