സംവൃത സുനിലിന് ആൺകുഞ്ഞ് പിറന്നു. രണ്ടാമതും അമ്മയായ വിവരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സംവൃത അറിയിച്ചത്. അഖിൽ ജയരാജ് ആണ് സംവൃതയുടെ ഭർത്താവ്. ഇരുവർക്കും അഗസ്ത്യ എന്നൊരു മകൻ കൂടിയുണ്ട്.
”കഴിഞ്ഞയാഴ്ച അഗസ്ത്യയ്ക്ക് 5 വയസായി. അവന് ഏറ്റവും മികച്ച പിറന്നാൾ സമ്മാനമാണ് കിട്ടിയത്. ഒരു കുഞ്ഞനിയൻ, രുദ്ര. ഫെബ്രുവരി 20 നായിരുന്നു രുദ്രയുടെ ജനനം” ഇതായിരുന്നു സംവൃതയുടെ കുറിപ്പ്. ഇതിനൊപ്പം ഒരു കാർട്ടൂൺ ചിത്രവും സംവൃത പങ്കുവച്ചിട്ടുണ്ട്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.
Read Also: എനിക്ക് മാറ്റങ്ങളുണ്ട്: മടങ്ങി വരവിനെക്കുറിച്ച് സംവൃത സുനില്‍
“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.