കരാര്‍ പ്രകാരമുളള പ്രതിഫലം സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സന് നല്‍കിയെന്ന് പറഞ്ഞ നിര്‍മ്മാതാക്കള്‍ക്ക് മറുപടിയുമായി നൈജീരിയന്‍ താരം രംഗത്തി. 1.80 ലക്ഷം രൂപ മാത്രമാണ് തനിക്ക് പ്രതിഫലമായി കിട്ടിയതെന്ന് അദ്ദേഹം അറിയിച്ചു. കുറഞ്ഞ ബഡ്ജറ്റിലുളള പടമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തും റിലീസ് ചെയ്യുന്ന ചിത്രമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വാള്‍ട്ട് ഡിസ്നിയുടെ പരമ്പരയില്‍ അഭിനയിച്ചതിന് 16ാം വയസില്‍ ഇതിന്റെ മൂന്നിരട്ടി തനിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
‘നൈജീരയയിലേക്ക് പോകും മുമ്പ് തക്കതായ പ്രതിഫലം നല്‍കുമെന്ന് നിര്‍മ്മാതാക്കള് വാക്കാല്‍ പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുമായുളള സൗഹൃദവും അവരുടെ വാക്കും വിശ്വസിച്ച് ഈ ചിത്രത്തിനായി ഞാന്‍ എന്റെ ആത്മാവ് പോലും സമര്‍പ്പിച്ചു. എന്നാല്‍ എന്നോട് നീതികേടാണ് കാണിച്ചതെന്ന് തിരിച്ചറിഞ്ഞതിനാലാണ് പരസ്യമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നൈജീരിയയിലേക്ക് തിരിക്കുമ്പോള്‍ എനിക്ക് വിമാനത്താവളത്തിലെ ചെലവിനായി 7000 രൂപ തന്നതല്ലാതെ മറ്റ് വാഗ്ദാനങ്ങളെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. കൈയില്‍ പണം കുറവായത് കൊണ്ട് തന്നെ ഇത് സംബന്ധിച്ച് ഞാന്‍ നിര്‍മ്മാതാക്കള്‍ക്ക് മെയില്‍ അയച്ചു. അടുത്ത ആഴ്ച്ച ദുബായില്‍ പടം പ്രമോട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെയിലിന് മറുപടി പോലും ലഭിച്ചില്ല. പടത്തിന്റെ ചിത്രീകരണ വേളയില്‍ പലപ്പോഴും ദുസ്സഹമായ ഇടങ്ങളില്‍ താമസിക്കുകയും തൃപ്തിയില്ലാത്ത ഭക്ഷണം കഴിക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ തിരികെ നാട്ടിലെത്തിയാല്‍ ഒക്കെ ശരിയാകുമല്ലോ എന്നാണ് ഞാന്‍ കരുതിയത്. കേരളത്തിനോ മലയാളികള്‍ക്കോ എതിരായല്ല ഞാന്‍ പറയുന്നത്. അവരെ എനിക്ക് ഏറെ ഇഷ്ടമാണ്. എന്റെ പ്രതിഫലം ഉറപ്പാക്കി തരാന്‍ കേരള സര്‍ക്കാരിന്റേയും സിനിമാ സംഘടനകളുടേയും സഹായമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കേരളത്തെയോ അവിടത്തെ നല്ലവരായ ജനങ്ങളെയോ അവമതിക്കാനല്ല ഞാന്‍ മുന്നോട്ട് വന്നത്. എന്റെ വയസ് കാരണം ഞാന്‍ ചൂഷണം ചെയ്യപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. നേരത്തേ എന്റെ നിറത്തിന്റെ പേരിലാണ് വിവേചനം എന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെ അല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു നടന് അര്‍ഹിക്കുന്ന വേതനം ഉറ്പപാക്കാന്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് ഞാന്‍ തേടുന്നത്’, സാമുവല്‍ റോബിന്‍സന്‍ പറഞ്ഞു.
കരാര്‍ പ്രകാരമുളള വേതനം നല്‍കിയിട്ടുണ്ടെന്നായിരുന്നു നിര്‍മ്മാതാക്കള്‍ പറഞ്ഞത്. നിര്‍മ്മാതാക്കള്‍ വംശീയ വിവേചനം കാട്ടിയെന്ന റോബിന്‍സന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നിര്‍മ്മാതാക്കളായ ഷൈജു ഖാലിദും സാമിര്‍ താഹിറും. കരാറിന് പുറമെ ചിത്രം വിജയമാണെങ്കില്‍ തങ്ങളുടെ ധാര്‍മ്മികത വെച്ച് മാത്രമാണ് കൂടുതല്‍ പ്രതിഫലം തരാമെന്ന് സമ്മതിച്ചതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ചിത്രം വിജയകരമായി തിയറ്ററുകളില്‍ ഓടുന്ന ഈ സാഹചര്യത്തില്‍ ലാഭവിഹിതം തങ്ങളില്‍ എത്താതെ എങ്ങനെ നല്‍കുമെന്നും ഇവര്‍ ചോദിച്ചു.
നിർമ്മാതാക്കൾ നൽകിയ പ്രതിഫലം മലയാളത്തിലെ നവാഗത നടന്മാർക്ക് നൽകുന്നതിനേക്കാൾ വളരെ കുറവായിരുന്നുവെന്നും ഇത് വംശീയ വിവേചനമാണെന്നും ആയിരുന്നു സാമുവലിന്‍റെ ആരോപണം.