നവാഗതനായ ജോജി സംവിധാനം ചെയ്ത ‘ഒരു കരീബിയൻ ഉഡായിപ്പ്’ എന്ന ചിത്രത്തിലൂടെ മലയാളിമനസ്സുകളെ ഈറനണിയിച്ച സാമുവൽ റോബിൻസൺ എന്ന സുഡു മോൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ഇത്തവണ, സ്നേഹം കൊണ്ട് കണ്ണു നിറയിക്കാൻ അല്ല വില്ലത്തരം കാട്ടി പ്രേക്ഷകരെ ഞെട്ടിക്കാനാണ് സുഡുമോന്റെ ഉദ്ദേശം. പുതിയ ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് സാമുവൽ എത്തുന്നത്. കഥാപാത്രത്തിനായി ശരീരഭാരം കൂട്ടിയും മലയാളം ഡയലോഗുകൾ പഠിച്ചുമൊക്കെ ഏറെ അധ്വാനിച്ചിട്ടുണ്ട് സാമുവൽ. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയതിന്റെ പശ്ചാത്തലത്തിൽ, കഥാപാത്രമായി മാറാൻ നടത്തിയ മുന്നൊരുക്കങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സാമുവൽ.
“‘ഒരു കരീബിയൻ ഉടായിപ്പി’നു വേണ്ടി ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 2018 ഏപ്രിലിൽ ആണ് ഈ സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. വില്ലനായിട്ടാണ് അഭിനയിക്കേണ്ടത് എന്നു കേട്ടപ്പോൾ ആവേശമായി. എന്റെ ആദ്യചിത്രമായ ‘സുഡാനി ഫ്രൈം നൈജീരിയ’യിലെ കായികതാരത്തിൽ നിന്നും കഴിയാവുന്നിടത്തോളം വ്യത്യസ്തമായൊരു ലുക്കിൽ വേണം പുതിയ കഥാപാത്രം ചെയ്യുന്നത് എന്നാഗ്രഹമുണ്ടായിരുന്നു. അതോടെ ഞാൻ ധാരാളം ഭക്ഷണം കഴിക്കാൻ തുടങ്ങി. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മാസം മുൻപ് തന്നെ ബർഗർ, ഫ്രൈഡ് ചിക്കൻ, ചിപ്സ്, ബട്ടറുള്ള ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, പിസ, ചീസ്, ഹോട്ട് ഡോഗ്സ് തുടങ്ങി ധാരാളം ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചു. പതിയെ എന്റെ മുഖവും ശരീരവുമൊക്കെ തടി വെച്ചു. 79 ൽ നിന്നും എന്റെ ശരീരഭാരം 104 കിലോയോളം എത്തി.”
Read more: താന്‍ സിംഗിളല്ലെന്ന് സുഡുമോന്‍, എന്നാലും പ്രേമിക്കുമെന്ന് മലയാളി ഗേള്‍സ്
” എന്നെ പുതിയ വേഷത്തിൽ കാണുമ്പോൾ ആളുകൾ ഞെട്ടണം എന്നായിരുന്നു എന്റെ ആഗ്രഹം. പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ആ പഴയ സുഡുവായി എന്നെ കാണരുതെന്നും പുതിയ കഥാപാത്രമായ ‘ടിക്ക് ടാക്ക്’ ആയി കാണണമെന്നും ഞാനാഗ്രഹിച്ചു. സുഡുവിനെ പോലുള്ള ഒരു ഇംപ്രെഷൻ തന്നെയാണ് പ്രേക്ഷകരുടെ മനസ്സിലും എനിക്കുള്ളത്. അതുകൊണ്ടു തന്നെ മറ്റൊരു കഥാപാത്രമായി എന്നെ അവതരിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. ഇപ്പോൾ 94 കിലോയോളം ഭാരമുണ്ടെനിക്ക്. ഇനിയും നല്ല രീതിയിൽ ഭാരം കുറയ്ക്കാൻ ഉണ്ട്. പക്ഷേ വ്യായാമവും ഡയറ്റും ഒക്കെയായി ഏഴുമാസം കൊണ്ട് എന്റെ ശരീരഭാരം കുറച്ചുകൊണ്ടുവരുന്നുണ്ട്. കഷ്ടപ്പാടുകളെല്ലാം ഈ ചിത്രത്തിനു വേണ്ടിയായിരുന്നു,” സാമുവൽ പറയുന്നു.
എല്ലാവരും സിനിമയെ പിന്തുണയ്ക്കണമെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സാമുവൽ അഭ്യർത്ഥിക്കുന്നുണ്ട്. ” ഞാനൊരു സൂപ്പർസ്റ്റാർ അല്ല, അതുകൊണ്ടു തന്നെ വളരെ ചുരുക്കം തിയേറ്ററുകൾ മാത്രമേ ഞങ്ങളുടെ പടത്തിനു ലഭിച്ചിട്ടുള്ളൂ. എന്നാലും ദയവായി ഞങ്ങളെ സപ്പോർട്ട് ചെയ്യണം. എല്ലാവരും സിനിമ പോയി കാണണം. നന്ദി. കേരളത്തെ ഞാൻ സ്നേഹിക്കുന്നു,” സാമുവൽ കൂട്ടിച്ചേർക്കുന്നു.
നൈജീരിയക്കാരനായ സാമുവേൽ ഇത്തവണ, പഠനത്തിനായി കേരളത്തിലെ ഒരു ക്യാമ്പസിൽ എത്തിപ്പെടുന്ന കരീബിയക്കാരൻ വിദ്യാർത്ഥിയായാണ് എത്തുന്നത്. മലയാളത്തിൽ ഡയലോഗുകൾ പറയുന്നുണ്ട് സാമുവൽ. കോളേജിന്റെ പശ്ചാത്തലത്തിലുള്ള ‘ഒരു കരീബിയൻ ഉഡായിപ്പ്’ എന്ന ചിത്രത്തിൽ വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയൻ, ഋഷി പ്രകാശ്, മേഘ മാത്യു, മറീന മൈക്കിൾ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.