‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവല്‍ റോബിന്‍സണിന്റെ വിക്കിപീഡിയ പേജില്‍ സൈബര്‍ ആക്രമണം. താരത്തിന്റെ വിക്കി പേജില്‍ നിന്നും സുഡാനി ഫ്രം നൈജീരിയയെ റിമൂവ് ചെയ്താണ് ആക്രമണം.
സാംഹോള്‍ട്ട് സിക്‌സ് എന്ന അക്കൗണ്ടില്‍ നിന്നുമാണ് പേജില്‍ നിന്നും സുഡാനി ഫ്രം നൈജീരിയയെ റിമൂവ് ചെയ്യുന്നത്. റിമൂവ് ചെയ്തത് ശ്രദ്ധയില്‍ പെട്ടതോടെ മാറ്റം വരുത്തിയെങ്കിലും വീണ്ടും റിമൂവ് ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നില്‍ വര്‍ണവെറിയാണെന്നാണ് സാമുവല്‍ പറയുന്നത്.
” അയാള്‍ വര്‍ണവെറിയാനാണെന്ന് തോന്നുന്നു. ഒരു ഇന്ത്യന്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനാണ് ഞാനെന്ന് എന്റേ പേജില്‍ ചേര്‍ക്കുന്നതാണ് അയാളെ ചൊടിപ്പിച്ചത്. ഇത് വേദനിപ്പിക്കുന്നതാണ്.’ സാമുവല്‍ ഐഇ മലയാളത്തോട് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഇടപെടുകയും തന്റേ പേജില്‍ സുഡാനി ഫ്രം നൈജീരിയയെ ചേര്‍ത്തെന്നും സാമുവല്‍ പറഞ്ഞു. പേജില്‍ എഡിറ്റ് ചെയ്തതിന് പുറമെ സാമുവലിന്റെ ചിത്രവും റിമൂവ് ചെയ്തിട്ടുണ്ട്.
തന്റേ പേജില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും സാമുവല്‍ പറഞ്ഞു. സാംഹോള്‍ട്ട് എന്ന അക്കൗണ്ടില്‍ നിന്നും തനിക്കെതിരെ നിരന്തരം ഇതുപോലുള്ള സൈബര്‍ ആക്രമണമുണ്ടാകാറുണ്ട്. ചിലപ്പോഴെക്കെ വേറെ അക്കൗണ്ടുകളില്‍ നിന്നും. സ്വന്തം അക്കൗണ്ടില്‍ നിന്നും നിരന്തരം എഡിറ്റ് ചെയ്താല്‍ താന്‍ ബ്ലോക്ക് ചെയ്യപ്പെടും എന്നുള്ളതുകൊണ്ട് അയാള്‍ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുകയാണെന്നും സാമുവല്‍ ഐഇ മലയാളത്തോട് പറഞ്ഞു.
അതേസമയം, മലയാളികളുടെ മുഴുവന്‍ സ്‌നേഹം ഏറ്റുവാങ്ങി മുന്നേറുകയാണ് സൗബിന്‍ നായകനാകുന്ന സുഡനി ഫ്രം നൈജീരിയ. ചിത്രത്തില്‍ സുഡുവായെത്തുന്ന സാമുവല്‍ റോബിന്‍സണ്‍ ആണ് ഇന്ന് താരം. ഈ നൈജീരിയന്‍ താരത്തെ തങ്ങളുടെ സ്വന്തക്കാരനായി കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്.