സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായെത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ മികച്ച പ്രതികരണവുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. മലപ്പുറത്തെ ഫുട്‌ബോള്‍ കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രത്തിന് എങ്ങും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സൗബിനാണ് നായകനെങ്കിലും ചിത്രത്തിലെ പ്രധാന ആകര്‍ഷണം സുഡാനിയെ അവതരിപ്പിക്കുന്ന സാമുവല്‍ റോബിന്‍സണ്‍ ആണ്.

ഫുട്‌ബോള്‍ താരമായി വേഷമിട്ട സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയന്‍ താരത്തെ മലയാളി പ്രേക്ഷകരും നെഞ്ചേറ്റുകയാണ്. ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴും പക്ഷെ സുഡാനി അത്ര ഹാപ്പിയല്ല. അതിന് കാരണമാകട്ടെ മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും.

ദുല്‍ഖര്‍ എന്ത് ചെയ്‌തെന്നാണോ? സാമുവല്‍ അയച്ച മെസേജിന് ദുല്‍ഖര്‍ ഇതുവരേയും മറുപടി നല്‍കിയിട്ടില്ല. അതാണ് സുഡാനിയെ വിഷമിപ്പിച്ചത്. തന്റെ ദു:ഖം താരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ദുല്‍ഖറിന് അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സാമുവലിന്റെ പോസ്റ്റ്. ദുല്‍ഖര്‍ മറുപടി നല്‍കിയില്ലെന്നും തനിക്ക് വിഷമമുണ്ടെന്നുമാണ് പോസ്റ്റ്.

പ്രിയ താരത്തിന്റെ പോസ്റ്റിന് കീഴെ ആശ്വാസ വാക്കുകളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ പലരും മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്. നേരില്‍ കണ്ടിട്ടില്ലെങ്കിലും ഞാന്‍ നിങ്ങളുടെ ആരാധകനാണെന്നും സൂപ്പര്‍ സ്റ്റാറിന്റെ മകനെന്ന ലേബല്‍ ഉപയോഗിക്കാതെ സ്വന്തമായി വളര്‍ന്നു വന്ന താരമാണ് താങ്കളെന്നും ദുല്‍ഖറിന് അയച്ച മെസേജില്‍ സാമുവല്‍ പറയുന്നുണ്ട്.

സാവുവലിന്റെ മേസേജിനും പോസ്റ്റിനും ദുല്‍ഖര്‍ സല്‍മാന്‍ മറുപടി നല്‍കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ