അന്തരിച്ച നടന്‍ കെ.ടി.സി.അബ്ദുല്ലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍. നല്ലൊരു അഭിനേതാവും മനുഷ്യനുമായിരുന്നു അബ്ദുളളയെന്ന് സാമുവല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇരുവരും ചേര്‍ന്ന് അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റായിരുന്നു.
കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അബ്ദുളളയുടെ അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. കുറച്ചു നാളുകളായി ചികില്‍സയിലായിരുന്ന അബ്ദുളള ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ മരണം സംഭവിച്ചു. പന്നിയങ്കര പാര്‍വതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം.
കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവര്‍ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായി ജനിച്ച അബ്ദുല്ലയ്ക്ക് ഹിമായത്തുല്‍ സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല സീരിയല്‍ നടനായും വേഷമിട്ടു. കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി.അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു.
1977ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക്. നാൽപ്പത് വർഷത്തിനിടെ അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അൻപതോളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു. ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിൽ കേന്ദ്രകഥാപാത്രമായിരുന്നു ചെയ്തിരുന്നത്. 82-ാം വയസിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് കെ.ടി.സി.അബ്ദുള്ളയുടെ വിടവാങ്ങൽ.