സോഷ്യൽ മീഡിയയിലെ താരമാണ് സമീറ റെഡ്ഡി. സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകൾ പൊളിച്ചടുക്കുന്ന സമീറയുടെ കാഴ്ചപ്പാടുകൾ എപ്പോഴും ആരാധകരുടെ കയ്യടി നേടാറുണ്ട്. “ഇതാണ് ഞാൻ,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സമീറ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇടയ്ക്ക് ചില രസകരമായ റീൽ വീഡിയോകളും സമീറ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് താരം.
അഭിനയ ജീവിതത്തിന്റെ ആദ്യ കാലത്തുള്ള ചിത്രങ്ങളാണ് സമീറ ഷെയർ ചെയ്‌തത്.”എന്റെ ആദ്യ ഓഡിഷൻ 1998 ലായിരുന്നു. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രമായിരുന്നത്. എനിക്കു നല്ല പേടിയുണ്ടായിരുന്നു. അതുകൊണ്ട് നല്ല രീതിയിൽ ചെയ്യാനായില്ല. അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീടുള്ള രണ്ടു വർഷങ്ങൾ ഞാനൊരു വാച്ച് കമ്പനിയിൽ ജോലി ചെയ്‌തു. സകല ധൈര്യവും സംഭരിച്ചാണ് ആദ്യ മ്യൂസിക്ക് വീഡിയോയിൽ ഞാൻ അഭിനയിക്കുന്നത്” സമീറ കുറിച്ചു.
മുടി ഇരു വശങ്ങളിലായി കെട്ടി ഹാഫ്‌സാരി അണിഞ്ഞുള്ള ലുക്കിലാണ് ചിത്രങ്ങളിൽ സമീറ പ്രത്യക്ഷപ്പെടുന്നത്.സമീറ ആദ്യമായി ചെയ്‌ത മ്യൂസിക്ക് വീഡിയോയെക്കുറിച്ചുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
‘വാരണം ആയിരം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി സുപരിചിതയാകുന്നത്. മലയാളത്തിൽ ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലും സമീറ ശ്രദ്ധേമായ വേഷം ചെയ്‌തു. 2013ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘വരദനായക’യിലാണ് സമീറ അവസാനമായി അഭിനയിച്ചത്.
രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.