ഗർഭ കാലത്തെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നതു പോലെ തന്നെ മകൾ ജനിച്ച് അവൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും സമീറ റെഡ്ഡി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. രാജ്യാന്തര ബേബി വെയറിങ് ദിനത്തിൽ മകളെ ഒരു കാരിയറിൽ ചുമന്നു നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രമാണു സമീറ പങ്കു വച്ചിരിക്കുന്നത്.
ഈ ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ മാത്രമാണ് താൻ അറിയുന്നതെന്നും കുഞ്ഞിനെ സുരക്ഷിതമായി ഇങ്ങനെ ചേർത്തുവച്ച് തന്റെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിൽ താൻ ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും സമീറ പറയുന്നു. കുഞ്ഞുങ്ങളുള്ള അമ്മമാർ വീട്ടിലിരിക്കാതെ ഇങ്ങനെ ചെയ്യണമെന്നും സമീറ ആഹ്വാനം ചെയ്യുന്നുണ്ട്.
അടുത്തിടെ മക്കൾക്കൊപ്പമുള്ള സമീറയുടെ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയുടെ സ്നേഹം നേടിയിരുന്നു. മകനേയും മകളേയും ചേർത്തു പിടിച്ച്, തന്റെ ലോകത്തേക്ക് സ്വാഗതമെന്നു സമീറ പറഞ്ഞു.
Read More: എന്റെ ലോകം: മക്കളുടെ ചിത്രം പങ്കു വച്ച് സമീറ റെഡ്ഡി
ഗർഭകാലത്ത് ഒമ്പത് മാസം ആയിരിക്കുന്ന സമയത്ത് നടത്തിയ അണ്ടർ വാട്ടർ ഫോട്ടോഷൂട്ടും സമീറയെ വാർത്തകളിലെ താരമാക്കിയിരുന്നു.
‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സമീറ കുറിച്ച വാക്കുകള്‍.
മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.