സാധ്യമാകുന്ന എല്ലാ തരത്തിലും തന്റെ ഗര്‍ഭകാലം ആഘോഷിക്കുകയാണ് നടി സമീറാ റെഡ്ഡി. ഗര്‍ഭകാല ചിത്രങ്ങളും നിറവയര്‍ ചിത്രങ്ങളും സമീറ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ഒരു അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടുമായാണ് സമീറ എത്തിയിരിക്കുന്നത്. വെള്ളത്തിനടിയില്‍ ഒരു മത്സ്യ കന്യകയുടെ മനോഹാരിതയോടെയാണ് സമീറ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത്. സ്വിമ്മിങ് പൂളിനടിയില്‍ നിന്നാണ് സമീറയും ഫോട്ടോഗ്രാഫറും ചേര്‍ന്ന് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ സമീറ കുറിച്ചു.
തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി സമീറാ റെഡ്ഡിയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയും. മൂത്ത മകന് ഒരു അച്ഛന് കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്തിടെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താന്‍ എന്നാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും കൂടെ നിന്നവര്‍. ഭര്‍ത്താവ്, അദ്ദേഹത്തിന്റെ വീട്ടുകാര്‍, തന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്ക്കും സമീറ സ്നേഹവും നന്ദിയും അറിയിച്ചു.
Read More: കറുപ്പിൽ സുന്ദരിയായി സമീറാ റെഡ്ഡി; ഗർഭകാല ഫോട്ടോഷൂട്ട്
തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞത്. ട്രോളുകളൊന്നും തന്നെ തളര്‍ത്തുന്നില്ലെന്ന് സമീറ തെളിയിക്കുകയാണ് ചെയ്തത്. മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook