ഹൈദരാബാദിലെത്തുന്ന ഇവാന്‍ക ട്രംപിന് കിടിലന്‍ സമ്മാനമൊരുക്കി കാത്തിരിക്കുകയാണ് നടിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറുമായ സാമന്ത. ഹൈദരാബാദിലെ അന്താരാഷ്ട്ര സംരംഭകത്വ ഉച്ചകോടിക്കെത്തിയതാണ് ഇവാന്‍ക. തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന പ്രശസ്തവും അതിമനോഹരമായ ഗൊല്ലഭാമ സാരിയാണ് ഇവാന്‍കയ്ക്ക് നല്‍കാനായി സാമന്ത അക്കിനേനി ഒരുക്കിയിരിക്കുന്നത്.

മോട്ടിഫുകളും കല്ലുകളും പിടിപ്പിച്ച കോട്ടണ്‍ ഗൊല്ലഭാമ സാരി വളരെ പ്രശസ്തമാണ്. മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകളെക്കുറിച്ചും സമ്മാനമായി നല്‍കാന്‍ പോകുന്ന സാരി എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും സാമന്ത നെയ്ത്തുകാരെ നേരിട്ട് കണ്ട് സംസാരിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെലുങ്കാന സര്‍ക്കാരിന്റെ പ്രതിനിധിയായി സാമന്ത നല്‍കുന്ന സാരി ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഇവാന്‍കയ്ക്ക് ഇഷ്ടപെടുകയാണെങ്കില്‍ സംസ്ഥാനത്തെ കൈത്തറി നെയ്ത്തുകാര്‍ക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയായിരിക്കും അത്.

പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതു ലുള്ള ഇവാന്‍കയ്ക്കായി ഒരു സാരിഗൗണും തയ്യാറാക്കിയിട്ടുണ്ട്. വൃന്ദാവന്‍ ഗാര്‍ഡനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിത്താറുകളുടെയും മറ്റും മോട്ടിഫുകളാണ് സാരിഗൗണ്‍ അലങ്കരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ