വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാർ. ഇരുവർക്കുമിടയിൽ ഒരു നല്ല സൗഹൃദവും ഉടലെടുത്തിട്ടുണ്ട്. ഇപ്പോഴിതാ, നയൻതാര തനിക്കു നൽകിയ ഒരു സമ്മാനത്തെ കുറിച്ച് പറയുകയാണ് സാമന്ത. പ്രിയപ്പെട്ട ഖദീജയ്ക്ക്, കൺമണി എന്ന കുറിപ്പിനൊപ്പം മനോഹരമായൊരു കമ്മലാണ് നയൻതാര സാമന്തയ്ക്ക് നൽകിയിരിക്കുന്നത്.
വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് സാമന്തയും നയൻതാരയും. നയൻതാരയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് വാചാലയായി കൊണ്ട് സാമന്ത പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “തങ്ങളുടെ സൗഹൃദം വളരെ സ്പെഷ്യലാണ്. അവൾ സോഷ്യൽ മീഡിയയിലില്ല, പക്ഷേ അവൾ അവളുടെ സ്നേഹം നൽകും,” എന്നാണ് സാമന്ത കുറിച്ചത്.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ ഏപ്രിൽ 28 നാണ് റിലീസിനെത്തുന്നത്. റൊമാന്റിക് കോമഡി സിനിമയാണിത്. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.