നാഗ ചൈതന്യയുമായി പിരിയുന്നു എന്ന കാര്യം ഏതാനും ദിവസങ്ങൾക്കു മുൻപാണ് സാമന്ത പ്രഭു സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവർത്തനങ്ങളെ സമൂഹം വ്യത്യസ്ത കണ്ണുകളിലൂടെയാണ് കാണുന്നത് എന്നാണ് കുറിപ്പിന്റെ സാരാംശം.
“സ്ത്രീകൾ ചെയ്യുമ്പോൾ നിരന്തരം ധാർമികമായ ചോദ്യം ചെയ്യപ്പെടുകയും, അതേസമയം പുരുഷന്മാർ ചെയ്യുമ്പോൾ ധാർമികമായി ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അടിസ്ഥാനപരമായി ധാർമ്മികതയില്ല,” ഫരീദ ഡിയുടെ വാക്കുകളാണ് സാമന്ത പങ്കുവച്ചത്.

നാല് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നത്. ഇരുവരും പിരിയുന്നു എന്ന വാർത്തകൾ വന്നതു മുതൽ, വേർപിരിയാനുള്ള കാരണങ്ങൾ ഊഹിച്ചെടുത്തു കൊണ്ടുള്ള അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സാമന്തയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.